കെസിഎൽ മൂന്നാം സീസണിനായി ഗ്രീൻഫീൽഡ് സ്റ്റേഡിയം ഒരുങ്ങി

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ആതിഥ്യം വഹിക്കാൻ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം പൂർണ സജ്ജമായി. മുൻ സീസണുകളിലേതുപോലെ റൺമഴ പെയ്യുന്ന പിച്ചുകളായിരിക്കും ഇത്തവണയും ഒരുക്കിയിരിക്കുന്നതെന്ന് ക്യൂറേറ്റർ എഎം ബിജു പറഞ്ഞു.
പിച്ചുകളുടെ നിർമാണത്തോടൊപ്പം ഔട്ട്ഫീൽഡിന്റെ ജോലികളും ഏറെക്കുറെ പൂർത്തിയായി. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെയാണ് കെസിഎൽ മൂന്നാം സീസൺ നടക്കുക.
കെസിഎല്ലിന് പിന്നാലെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഏതാനും അന്താരാഷ്ട്ര മത്സരങ്ങളും നടക്കാനിരിക്കുകയാണ്. ഇത് മുന്നിൽക്കണ്ട് രണ്ടര മാസം മുൻപേ ആരംഭിച്ച പിച്ച്, ഔട്ട്ഫീൽഡ് ജോലികളാണ് ഇപ്പോൾ അവസാന ഘട്ടത്തിലെത്തിയത്. ഇനി അവസാനഘട്ട റോളിംഗ് മാത്രമാണ് പ്രധാനമായും ബാക്കിയുള്ളത്.
കഴിഞ്ഞ സീസണിൽ കെസിഎല്ലിനായി അഞ്ച് പിച്ചുകളാണ് ഒരുക്കിയിരുന്നതെങ്കിൽ ഇത്തവണ ആറ് പിച്ചുകളാണ് തയ്യാറാക്കിയിരിക്കുന്നത്. രണ്ടാഴ്ച നീളുന്ന ടൂർണമെന്റിൽ ദിവസവും രണ്ട് മത്സരങ്ങൾ വീതം നടക്കുന്നതിനാൽ പിച്ചുകളുടെ നിലവാരം നിലനിർത്തുന്നതിനാണ് എണ്ണം വർധിപ്പിച്ചത്.
പിച്ചുകളിൽ മാറിമാറിയായിരിക്കും മത്സരങ്ങൾ നടത്തുക. ഇതിന് പുറമെ പരിശീലനത്തിനായി മൂന്ന് പിച്ചുകളും രണ്ട് ആസ്ട്രോ ടർഫ് വിക്കറ്റുകളും ഒരുക്കിയിട്ടുണ്ട്.
കർണാടകയിലെ മാണ്ഡ്യയിൽ നിന്ന് പ്രത്യേകം എത്തിച്ച ഗുണനിലവാരമുള്ള മണ്ണാണ് പ്രധാന പിച്ചുകളുടെ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പരുത്തിക്കൃഷിക്ക് അനുയോജ്യവും ഈർപ്പം നിലനിർത്താൻ ശേഷിയുള്ളതുമായ ഈ മണ്ണ് മികച്ച ബൗൺസ് ഉറപ്പാക്കുന്നതിനൊപ്പം പിച്ച് സ്ലോ ആകാതിരിക്കാനും സഹായിക്കും.
ആദ്യ സീസണിൽ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് 200 റൺസ് പിന്നിട്ട സ്കോർ പിറന്നതെങ്കിൽ കഴിഞ്ഞ സീസണിൽ ഏഴ് മത്സരങ്ങളിൽ ടീമുകൾ 200ന് മുകളിൽ സ്കോർ ചെയ്തു. ഇരുസീസണുകളിലും 200ന് മുകളിലുള്ള വിജയലക്ഷ്യങ്ങൾ ടീമുകൾ വിജയകരമായി പിന്തുടർന്നിരുന്നു.
ഇത്തവണയും സമാനമായ റൺമഴയും ആവേശകരമായ മത്സരങ്ങളും പ്രതീക്ഷിക്കാമെന്ന് ക്യൂറേറ്റർ ബിജു പറഞ്ഞു. ട്വന്റി-20 ക്രിക്കറ്റിന്റെ ആവേശം പൂർണമായി നിലനിർത്തുന്ന തരത്തിലാണ് വിക്കറ്റുകൾ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മത്സരത്തിനിടെ മഴ എത്തിയാലും ആരാധകർക്ക് ആശങ്കപ്പെടേണ്ടതില്ല. മഴ പെയ്തുതീർന്നാൽ വെറും അരമണിക്കൂറിനുള്ളിൽ മത്സരം പുനരാരംഭിക്കാൻ കഴിയുന്ന അത്യാധുനിക ഡ്രെയിനേജ് സംവിധാനമാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലുള്ളത്.
ക്യൂറേറ്റർ എഎം ബിജുവിന്റെ നേതൃത്വത്തിൽ 25 ഓളം പേരടങ്ങുന്ന സംഘമാണ് പിച്ചിന്റെയും ഔട്ട്ഫീൽഡിന്റെയും നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
മൂന്നര പതിറ്റാണ്ടിലേറെയായി കേരള ക്രിക്കറ്റ് അസോസിയേഷന്റെ വിശ്വസ്ത ക്യൂറേറ്ററാണ് എഎം ബിജു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിച്ചുകൾ ഒരുക്കിയാണ് അദ്ദേഹം കരിയർ ആരംഭിച്ചത്.
പിന്നീട് ഗ്രീൻഫീൽഡ്, തുമ്പ, മംഗലപുരം എന്നിവയുൾപ്പെടെ കേരളത്തിലെ വിവിധ സ്റ്റേഡിയങ്ങളിലെ പിച്ച് നിർമാണത്തിനും പരിപാലനത്തിനും അദ്ദേഹം മേൽനോട്ടം വഹിച്ചുവരുന്നു.
ബാറ്റും പന്തും തമ്മിലുള്ള ആവേശകരമായ പോരാട്ടങ്ങൾക്ക് വേദിയാകാൻ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഇപ്പോൾ പൂർണ സജ്ജമാണ്. ട്വന്റി-20 ക്രിക്കറ്റിന്റെ ആവേശം ഉയർത്തുന്ന നിരവധി മത്സരങ്ങൾക്കാണ് വരും ദിവസങ്ങളിൽ ഗ്രീൻഫീൽഡ് സാക്ഷ്യം വഹിക്കുക.









0 comments