ഓണത്തിന് സ്വർണം വാങ്ങാനൊരുങ്ങുകയാണോ? പൊന്നിൻ വില ഇന്നും കൂടിയിട്ടുണ്ടേ

തിരുവനന്തപുരം : ഓണമടക്കും തോറും സ്വർണത്തിന്റെ വിലയും ഉയരുകയാണ്. ആഗസ്ത് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി നിൽക്കുകയാണ് സ്വർണം. ഇന്ന് ഗ്രാമിന് വീണ്ടും 50 രൂപ കൂടി. ഒരു പവൻ സ്വർണം വാങ്ങാൻ ഇന്ന് 1,14,160 രൂപ കൊടുക്കണം. ഇതിന് പുറമെ ജിഎസ്ടിയും പണിക്കൂലിയും കാണും. ഒരു ഗ്രാം സ്വർണത്തിന്റെ വില 14,270 രൂപയാണ്. വെള്ളി ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2,550 രൂപയുമാണ് ഇന്നത്തെ വില.
ഇന്നലെ ഞായറാഴ്ച ആയിരുന്നതിനാൽ സ്വർണവിലക്ക് മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ആഗസ്ത് 15ന് ശനിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോൾ സ്വർണം ഗ്രാമിന് 14,220 രൂപയും, പവന് 1,13,760 രൂപയുമായിരുന്നു. മൂന്ന് ദിവസം മുൻപ് ആഗസ്ത് 13നാണ് ഈ മാസം സ്വർണവിലയൊന്ന് കാര്യമായി കുറഞ്ഞത്.
ക്രൂഡ് ഓയിൽ വില നേരിയ തോതിൽ വർധിച്ചതും, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണത്തെ ബാധിച്ചതിനാലാണ് വീണ്ടും വില ഉയർന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി സ്വർണവിലയിൽ പ്രതിഫലിക്കും.









0 comments