Deshabhimani

സ്വപ്നമീ പാലം

 കുത്താമ്പുള്ളി– മായന്നൂർ പാലം
avatar
സിജി ഗോവിന്ദ്‌

Published on Dec 08, 2025, 12:15 AM | 1 min read

തിരുവില്വാമല

‘തോണിയിൽ വേണം സ്‌കൂളിൽ പോകാൻ, മഴക്കാലമായാൽ വലിയ ബുദ്ധിമുട്ടാണ്‌. യൂണിഫോമൊക്കെ നനയും. പാലം വരുന്നതോടെ ഇനി സുഖമായി പോകാം’– ഏഴാം ക്ലാസുകാരൻ സച്ചിന്റെ വാക്കുകളിലുണ്ട്‌ ഒരു നാടിന്റെയാകെ സ്വപ്‌നമായിരുന്നു കുത്താന്പുള്ളി– മായന്നൂർ പാലം സാധ്യമാകുന്നതിന്റെ സന്തോഷം. ഒരു പാലം വന്നാൽ എന്ത്‌ മാറ്റം വരുമെന്ന- ചോദ്യം കുത്താമ്പിള്ളിക്കാരോടാണെങ്കിൽ ജീവിതം തന്നെ മാറും എന്നായിരിക്കും മറുപടി. നനഞ്ഞ ഉടുപ്പിടാതെയും പേടിക്കാതെയും സ്‌കൂളിൽ പോകാമെന്ന്‌ കുട്ടികൾ. മക്കൾ സ്‌കൂളിൽ പോയി വരുന്നതുവരെ ആധിയോടെ കഴിയേണ്ടല്ലോയെന്ന്‌ രക്ഷിതാക്കൾ. നെയ്‌ത്ത്‌ ഗ്രാമത്തിന്റെ വ്യാപാര സാധ്യത വർധിക്കുമെന്ന്‌ കച്ചവടക്കാർ. ആശുപത്രിയിലേക്ക്‌ അതിവേഗം പോകാനാകുമെന്ന ആശ്വാസം. ഒരു നാടിന്റെ ചിരകാല സ്വപ്നമായി, എണ്ണിയാൽ തീരാത്ത പ്രതീക്ഷകളുമായി രണ്ട്‌ ദേശങ്ങളെ ചേർക്കുകയാണ്‌ കുത്താമ്പുള്ളി–- കൊണ്ടാഴി പാലം. ഇവിടെയുള്ള കുട്ടികൾക്ക്‌ ഹൈസ്‌കൂൾ മുതലുള്ള വിദ്യാഭ്യാസത്തിന്‌ ഏറ്റവും അടുത്ത്‌ മായന്നൂരാണ്‌. ഒരു കാലത്ത്‌ മഴക്കാലത്ത്‌ പുഴ നിറഞ്ഞാൽ സ്‌കൂളിൽ പോകാനാവില്ലായിരുന്നു. വർഷങ്ങൾക്കു മുമ്പ്‌ കെ രാധാകൃഷ്ണൻ എംഎൽഎയായിരിക്കെ കടത്ത്‌ തോണി ഏർപ്പെടുത്തി. നിലവിൽ തോണിയിലാണ്‌ ഒരുകിലോമീറ്ററിൽ അപ്പുറമുള്ള മായന്നൂരിലേക്കുള്ള യാത്ര. കുത്താമ്പുള്ളിയിൽ നിന്ന്‌ റോഡ് മാർഗം ഒറ്റപ്പാലത്തെത്താൻ 20 കിലോമീറ്റർ സഞ്ചരിക്കണം. പാലം വന്നാൽ അത്‌ അഞ്ചായി കുറയും. മായന്നൂരിലേക്കുള്ള 15 കിലോമീറ്റർ ഒരുകിലോമീറ്ററാകും. 182 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലം ജനുവരിയിൽ തുറക്കും. പ്രധാനപാലത്തിനു പുറമെ കുത്താമ്പുള്ളി അനുബന്ധ റോഡിൽ പാടം വരുന്ന ഭാഗത്തൊരു പാലവും ജലസേചന കനാലിനു മുകളിലൂടെ ചെറിയ പാലവും അപ്രോച്ച്‌ റോഡും ഉണ്ട്‌. കിഫ്‌ബിയിലൂടെ 33.55 കോടി രൂപയാണ്‌ അനുവദിച്ചത്‌. യു ആർ പ്രദീപ് എംഎൽഎ ആയിരിക്കുമ്പോഴാണ്‌ ടെൻഡർ നടപടിയായത്‌. കെ രാധാകൃഷ്ണൻ മന്ത്രിയായിരുന്നപ്പോൾ നിർമാണം വേഗത്തിലാക്കി. 1.6069 ഹെക്ടർ ഭൂമി ഏറ്റെടുത്തു. നഷ്ടപരിഹാരത്തുകയായ 6.27 കോടി രൂപ അതിവേഗം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home