ഗജവീരന്മാർക്ക് ഇനി സുഖചികിത്സാ കാലം

ഗുരുവായൂർ
സുഖചികിത്സയുടെ ശീതളിമയില്‍ ഗുരുവായൂര്‍ ദേവസ്വം ആനത്താവളത്തിലെ ഗജവീരന്മാര്‍. ഒരുമാസം നീളുന്ന സുഖ ചികിത്സ റവന്യൂ ( ദേവസ്വം) സെക്രട്ടറി എം ജി രാജമാണിക്യം ഉദ്ഘാടനം ചെയ്തു. ദേവസ്വം കൊമ്പൻ ജൂനിയർ വിഷ്ണുവിന് ഔഷധ ചോറുരുളനൽകിയായിരുന്നു ഉദ്ഘാടനം. ഗുരുവായൂർ ദേവസ്വം ആനകൾക്കുള്ള സുഖചികിത്സ ലോകത്തിനാകെ മാതൃകയാണെന്ന് എം ജി രാജമാണിക്യം പറഞ്ഞു. തുടർന്ന് കൊമ്പൻമാരായ വിനായകൻ, ഗോപീകൃഷ്ണൻ ഉൾപ്പെടെ മറ്റ് ആനകൾക്കും ഔഷധ ചോറുരുളകൾ നൽകി. ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായാണ് സുഖചികിത്സ ഒരുക്കുന്നത്. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് അധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി സി ദിനേശൻ നമ്പൂതിരിപ്പാട്, സി മനോജ്, മനോജ് ബി നായർ, എം യു ഷിനിജ, ജീവധനം വിദഗ്ധ സമിതി അംഗങ്ങളായ ഡോ. പി ബി ഗിരിദാസ്, ഡോ. എം എൻ ദേവൻ നമ്പൂതിരി, ഡോ. വിവേക് കെ വേണുഗോപാല്‍, ഡോ. യു ഗിരീഷ്, ഡോ. വി ശബരീനാഥ്, നാകേരി വാസുദേവൻ നമ്പൂതിരി എന്നിവർ സന്നിഹിതരായി. ദേവസ്വം ആനത്താവളത്തിലെ 35 ആനകളിൽ മദപ്പാടിലുള്ളതും ക്ഷേത്രത്തിൽ ശീവേലി എഴുന്നള്ളിപ്പ് ചുമതല ഉള്ളവയും ഒഴികെ 17 ആനകൾ ഉദ്ഘാടനച്ചടങ്ങിൽ അണിനിരന്നു. ജൂലൈ 30വരെ സുഖചികിത്സ തുടരും.











0 comments