print edition സ്മരണകളിലിരമ്പി അഭിമന്യു

അഭിമന്യു രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം മഹാരാജാസ് കോളേജ് അലങ്കരിക്കുന്ന വിദ്യാർഥികൾ
കൊച്ചി: വർഗീയതയോടെതിർത്ത് ധീരരക്തസാക്ഷിത്വം വരിച്ച വീരപോരാളി അഭിമന്യുവിന്റെ സ്‌മരണകളിൽ ജ്വലിച്ച് മഹാരാജകീയ കലാലയം. അനശ്വര രക്തസാക്ഷിത്വത്തിന്റെ എട്ടാം വാർഷികത്തിൽ അഭിമന്യു കുത്തേറ്റുവീണ കിഴക്കേ ഗേറ്റിനുസമീപം ഒത്തുചേർന്നവർ അമരസ്‌മരണകൾക്ക് അഭിവാദ്യമർപ്പിച്ചു.
അഭിമന്യു അവസാനമായി കുറിച്ച വർഗീയത തുലയട്ടെ എന്ന മുദ്രാവാക്യം വീണ്ടുമവർ ഉറപ്പോടെ പകർത്തിയെഴുതി. വിലപ്പെട്ട ജീവന്റെ അവസാനവെളിച്ചവുമണഞ്ഞ അർധരാത്രിയെ സാക്ഷിയാക്കി അവർ കൈത്തിരികളിൽ വെളിച്ചം പകർന്നു.
അഭിമന്യുവിന്റെ ഓർമകൾക്ക് മരണമില്ലെന്ന വികാരനിർഭരമായ ഓർമപ്പെടുത്തലിനുകൂടിയാണ് ബുധനാഴ്‌ച അർധരാത്രിയിൽ മഹാരാജാസ് കോളേജ് ക്യാന്പസ് സാക്ഷിയായത്. എട്ടുവർഷംമുന്പ് അതുപോലൊരു അർധരാത്രിയിലാണ് എസ്‌ഡിപിഐ–ക്യാന്പസ് ഫ്രണ്ട് മതതീവ്രവാദി സംഘം അഭിമന്യുവിനെ ഇവിടെ കുത്തിവീഴ്‌ത്തിയത്.
കനലോർമകളെ നെഞ്ചേറ്റി ക്യാന്പസിൽ ഒത്തുകൂടിയ നൂറുകണക്കിന് എസ്‌എഫ്‌ഐ പ്രവർത്തകർ അഭിമന്യു കുത്തേറ്റ് വീണിടത്തേക്ക് പ്രകടനമായെത്തി. വർഗീയത തുലയട്ടെ എന്ന് അഭിമന്യു കുറിച്ചിട്ട കലാലയ മതിലിനടുത്ത് അവർ കൊടുങ്കാറ്റായി ഇരന്പി. വർഗീയതയ്‌ക്കെതിരെ അഭിമന്യു മുഴക്കിയ മുദ്രാവാക്യം ആയിരം കണ്ഠങ്ങൾ ഏറ്റുവിളിച്ചു. അഭിമന്യുവിന്റെ ചിത്രത്തിനുമുന്നിൽ തെളിച്ച തിരിയിലെ വെളിച്ചം ആയിരം കൈത്തിരികളിലേക്ക് പകർന്നു.
എസ്‌എഫ്‌ഐ സംഘടിപ്പിച്ച വർഗീയവിരുദ്ധ ചുവരെഴുത്തിനും അനുസ്‌മരണ പരിപാടികൾക്കും സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ്, ജില്ലാ പ്രസിഡന്റ് രതു കൃഷ്ണൻ, സെക്രട്ടറി ആശിഷ് എസ് ആനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.
അഭിമന്യുവിന്റെ ജീവിതം ആസ്‌പദമാക്കിയുള്ള നാടകത്തിന്റെ അവതരണവും മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. വ്യാഴാഴ്‌ച രാവിലെ 10ന് മറൈൻഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ടിൽനിന്ന് വിദ്യാർഥിറാലി തുടങ്ങും. മഹാരാജാസ് കോളേജിൽ നടക്കുന്ന പൊതുസമ്മേളനം എം ശിവപ്രസാദ് ഉദ്‌ഘാടനം ചെയ്യും.











0 comments