പ്രായോഗികത പരിശോധിക്കാതെ നിർദേശം; പാചകവാതക ഉല്പാദനം വർധിപ്പിക്കാൻ എണ്ണക്കമ്പനികളോട് കേന്ദ്രം

ന്യൂഡൽഹി : പശ്ചിമേഷ്യയിൽ സംഘർഷത്തിന് അയയവു വരാത്ത സാഹചര്യത്തിൽ രാജ്യത്തെ പാചകവാതക ക്ഷാമത്തിന്റെ ഉത്തരവാദിത്തം എണ്ണക്കമ്പനികൾക്ക് അടിച്ചേൽപ്പിച്ച് കേന്ദ്രസർക്കാർ. ഡിസംബർ വരെ പ്രതിദിനം 63,810 ടൺ എൽപിജി ഉല്പാദിപ്പിക്കാൻ പൊതു-സ്വകാര്യ മേഖലകളിലെ എണ്ണക്കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുകയാണ് കേന്ദ്രം. അധികമായി ഉല്പാദിപ്പിക്കുന്ന പാചകവാതകം സംഭരിക്കാൻ രാജ്യത്ത് മതിയായ സൗകര്യങ്ങളില്ലെന്ന യാഥാർഥ്യം നിലനിൽക്കെയാണ് കേന്ദ്രത്തിന്റെ ഉത്തരവ്.
ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതി നിലച്ചിരുന്നു. പ്രതിസന്ധി മുൻകൂട്ടി കാണാനോ ബദൽ സംവിധാനങ്ങൾ ഒരുക്കാനോ കേന്ദ്രസർക്കാർ തയ്യാറാകാതിരുന്നതാണ് രാജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷമാകാൻ കാരണമായത്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാത്തതിനാൽ പാചകവാതക ഇറക്കുമതി തടസപ്പെട്ടേക്കുമെന്ന ഭയത്തെ തുടർന്നാണ് ആഭ്യന്തര ഉല്പാദനം വർധിപ്പിക്കാൻ കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്. 1999ലെ പെട്രോളിയം ഉല്പന്ന നിയമം ഭേദഗതി ചെയ്താണ് സർക്കാർ പുതിയ വിജ്ഞാപനം ഇറക്കിയത്. ആദ്യമായാണ് എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങൾക്ക് ഉല്പാദന ലക്ഷ്യം സർക്കാർ തീരുമാനിക്കുന്നത്. ഈ പുതിയ ലക്ഷ്യം രാജ്യത്തെ മൊത്തം പ്രതിദിന ഉപഭോഗത്തിന്റെ 70 ശതമാനത്തോളം വരും.
രാജ്യത്ത് പ്രതിവർഷം 33.2 ദശലക്ഷം ടൺ (പ്രതിദിനം 91,000 ടൺ) പാചകവാതകമാണ് ആവശ്യം. എന്നാൽ ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്നത് വെറും 13.1 ദശലക്ഷം ടൺ മാത്രമാണ്. അതായത് പാചകവാതക ആവശ്യകതയുടെ 64 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യത്ത് കൃത്യമായ സംഭരണ സംവിധാനങ്ങൾ ഒരുക്കുന്നതിൽ കേന്ദ്രസർക്കാരിനുണ്ടായ വൻ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം.
പൊതു-സ്വകാര്യ മേഖലകളിലെ 24 കമ്പനികൾക്കാണ് കേന്ദ്രം അടിയന്തര നിർദേശം നൽകിയിട്ടുള്ളത്. ഉല്പാദനം കൂട്ടുന്നതിനൊപ്പം സംഭരണ സൗകര്യങ്ങളും വിതരണ സംവിധാനങ്ങളും അടിയന്തരമായി വർധിപ്പിക്കാനും എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കേന്ദ്ര പറയുന്നതുപോലെ അധികമായി ഉല്പാദിപ്പിക്കുന്ന പാചകവാതകം സംഭരിക്കാൻ കമ്പനികൾക്ക് നിലവിൽ യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ല. ഹോർമുസ് വഴിയുള്ള വിതരണം തടസപ്പെട്ടപ്പോൾ സംഭരണശേഷില്ലാത്തത് കാരണമായിരുന്നു രാജ്യത്ത് എൽപിജി ക്ഷാമമുണ്ടായത്. പ്രായോഗികത പരിശോധിക്കാതെയുള്ള ഈ പുതിയ ഉത്തരവ് പ്രാവർത്തികമാക്കാൻ വേണ്ട സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്.










0 comments