ad
Deshabhimani

ഇടിത്തീയായി "പ്രിയദർശിനി'

നൂറ്റാണ്ടിന്റെ സർവീസ്‌ 
അവസാനിപ്പിക്കാൻ കെഎംഎസ്‌

പ്രതിസന്ധിയിലായി സർവീസ്‌ അവസാനിപ്പിച്ച കെഎംഎസ്‌ ആയുഷ്‌ മോട്ടോഴ്സ്‌ ഉടമ സി അശ്വതികുമാർ തന്റെ ബസ്‌ തുടച്ച്‌ വൃത്തിയാക്കുന്നു
avatar
സ്വന്തം ലേഖകൻ

Published on Jul 02, 2026, 01:42 AM | 1 min read

 കൊല്ലം

കെഎസ്‌ആർടിസിയുടെ പ്രിയദർശിനി ബസ്‌ സർവീസ്‌ ആരംഭിച്ചതിനുപിന്നാലെ ഗുരുതര പ്രതിസന്ധിയിലായ ജില്ലയിലെ പ്രധാന സ്വകാര്യബസ്‌ ഉടമ കെഎംഎസ്‌ ആയുഷ്‌ മോട്ടോഴ്സ്‌ സർവീസ്‌ അവസാനിപ്പിച്ചു. 101 വർഷത്തെ പാരമ്പര്യമുള്ള കമ്പനി മോട്ടോർവാഹനവകുപ്പിന്‌ "ജി ഫോം' നൽകിയശേഷമാണ്‌ രണ്ട്‌ സർവീസ്‌ നിർത്തിവച്ചത്‌. മറ്റു രണ്ട്‌ ബസുകൾ ഒരുമാസംകൂടി നോക്കിയശേഷം സ്ഥിതി വ്യത്യസ്തമല്ലെങ്കിൽ സർവീസ്‌ അവസാനിപ്പിക്കുമെന്ന്‌ ഉടമ സി അശ്വതികുമാർ പറഞ്ഞു. കെഎംഎസ്‌ മോട്ടോഴ്സ്‌ 1925ലാണ്‌ പ്രവർത്തനം ആരംഭിക്കുന്നത്‌. നിലവിൽ അശ്വതികുമാർ ഉൾപ്പെടുന്ന മൂന്നാംതലമുറയാണ്‌ ഇ‍ൗ സംരംഭം മുന്നോട്ടുകൊണ്ടുപോകുന്നത്‌. കൊല്ലം– കുളത്തൂപ്പുഴ, കൊട്ടിയം– അഞ്ചൽ തുടങ്ങിയ റൂട്ടുകളിലാണ്‌ സർവീസ്‌. ആരംഭകാലത്ത്‌ മുപ്പതിലധികം ബസുകളുണ്ടായിരുന്നു. കോവിഡുകാലത്തെ കടുത്ത പ്രതിസന്ധിയിൽനിന്ന്‌ കരകയറി സർവീസ്‌ മെച്ചപ്പെട്ട്‌ വരുന്നതിനിടെയാണ്‌ ഇടിത്തീയായി പ്രിയദർശിനി പദ്ധതി വരുന്നത്‌. മുമ്പ്‌ ഓരോ ബസിനും ചെലവുകൾ കഴിഞ്ഞ്‌ 2500 മുതൽ 3000 രൂപവരെ മിച്ചം ലഭിക്കുമായിരുന്നു. ചില റൂട്ടുകളിൽ 5000 രൂപവരെ ലഭിച്ച ദിവസങ്ങളുണ്ട്‌. എന്നാൽ, പ്രിയദർശിനി സർവീസ്‌ ആരംഭിച്ചതോടെ വരുമാനം കൂപ്പുകുത്തി. 2000, 1000, 800 എന്നിങ്ങനെ ഇടിഞ്ഞു. ഒരുരൂപ കൺസഷൻ നൽകുന്ന വിദ്യാർഥിനികൾപോലും സ്വകാര്യ ബസുകളിൽ കയറുന്നില്ല. നിലവിൽ ഡീസൽ ചെലവിനുള്ള കാശുപോലും കൈയിൽനിന്ന്‌ എടുക്കേണ്ട സ്ഥിതിയായി. ജീവനക്കാർക്ക്‌ ദിവസേന 1000രൂപ കൂലി കൊടുത്തിരുന്നത്‌ അവർ ആവശ്യപ്പെട്ടതുപ്രകാരം പകുതിയായി കുറച്ചു. ഉപജീവനമാർഗമായ ബസ്‌ സർവീസ്‌ നിലച്ചാൽ കുടുംബം പട്ടിണിയാകുമെന്ന ഘട്ടത്തിലാണ്‌ ഇരുപതോളം തൊഴിലാളികൾ കൂലി കുറയ്ക്കാൻ സന്നദ്ധത അറിയിച്ചത്‌. ഇതുകൂടാതെ സർവീസ്‌ നിർത്തുന്നതോടെ ടയർ, പെയിന്റിങ്‌ ഉൾപ്പെടെയുള്ള അനുബന്ധ മേഖലകളും പ്രതിസന്ധിയിലാകും. "കോവിഡ്‌ കാലത്തുപോലും തിരിച്ചുവരാമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ആ പ്രതീക്ഷയില്ല. കുടുംബച്ചെലവ്‌ പോലും ഇ‍ൗ മേഖലയെ ആശ്രയിച്ചിരിക്കുമ്പോൾ കൈയിൽനിന്ന്‌ കാശുകൊടുത്ത്‌ സർവീസ്‌ നടത്താനാകില്ല. മറ്റുവരുമാന സ്രോതസ്സ്‌ കണ്ടെത്തണമെന്നു പറഞ്ഞ മന്ത്രി അതെന്തെല്ലാമെന്നു കൂടി പറയണം. ഇ‍ൗ പ്രസ്ഥാനം മുന്നോട്ടുകൊണ്ടുപോകാൻ ബസുകൾ കെഎസ്‌ആർടിസിക്കോ സർക്കാരിനോ വാടകയ്ക്ക്‌ നൽകാനും തയ്യാറാണ്‌. സർക്കാർ അടിയന്തര ഇടപെടൽ നടത്താൻ തയ്യാറാകണം'– അശ്വതികുമാർ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home