കുട്ടമ്പുഴയിൽ കാട്ടാനശല്യം തുടരുന്നു; ആശങ്കയിൽ നാട്ടുകാർ

പിണവൂർകുടി ജനവാസ മേഖലയിൽ വീടിനുമുന്നിൽ എത്തിയ കാട്ടാനകൾ
കോതമംഗലം
കുട്ടമ്പുഴ പഞ്ചായത്തിൽ രാപകൽ വ്യത്യാസമില്ലാതെ കാട്ടാനശല്യം തുടരുന്നു. നടപടി സ്വീകരിക്കാത്ത എംഎൽഎക്കെതിരെ ജനരോഷം ഉയരുകയാണ്. പൂയംകുട്ടി വനാന്തരത്തിൽനിന്നാണ് ജനവാസമേഖലയിലേക്ക് കാട്ടാനക്കൂട്ടം എത്തുന്നത്.
പിണവൂർകുടിയിൽ കഴിഞ്ഞ ദിവസം നാല് കൊമ്പൻമാരാണ് കൃഷിയും മറ്റു നാശനഷ്ടങ്ങളുമുണ്ടാക്കിയത്. ചൊവ്വ പുലർച്ചെ രണ്ടിന് ആനന്ദൻകുടി കൊച്ചുപറമ്പിൽ രാധ, ലിസി കുപ്പനാനിക്കൽ, അണ്ണാത്തിപാറ രാജേഷ്, ആഞ്ഞിലിമൂട്ടിൽ സന്തോഷ് എന്നിവരുടെ വീട്ടുമുറ്റത്തും പരിസരത്തും ആനയെത്തി. നിലവിൽ വീട്ടുകാർക്ക് പകലും രാത്രിയും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കുട്ടികളെ സ്കൂളിൽ വിടാനാകുന്നില്ല. ഉദ്യോഗാർഥികൾക്ക് ജോലി അഭിമുഖം മുടങ്ങി.
രാത്രി അനങ്ങാതെ വന്നുനിൽക്കുന്ന ആനക്കൂട്ടം വീടിന്റെ ജനൽ പാളികളും ഷെഡ്ഡുകളും നശിപ്പിക്കുന്നത് പതിവായി. കൃഷിനാശം കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് വീട്ടുകാർ. കുട്ടമ്പുഴ പഞ്ചായത്ത് ഭരണസമിതിയോ വനംവകുപ്പോ എംഎൽഎയോ നടപടി സ്വീകരിക്കാത്തത് ജനങ്ങളെ ആശങ്കയിലാക്കുന്നു.











0 comments