ad
Deshabhimani

വെള്ളക്കെട്ട്‌ വിള്ളൽ കുരുക്ക്‌

ദേശീയപാതയില്‍ ആശങ്ക

ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ടയിടം എൻഎച്ച്‌എഐ അധികൃതർ  സന്ദർശിക്കുന്നു
വെബ് ഡെസ്ക്

Published on Jul 02, 2026, 02:30 AM | 1 min read

ആലപ്പുഴ

ദേശീയപാത നവീകരണം പുരോഗമിക്കുന്ന പ്രദേശങ്ങളിൽ പ്രശ്‌നങ്ങൾ പതിവാകുന്നു. ആറുവരിപ്പാത പൂർത്തിയാവുന്നത്‌ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനങ്ങളെ ഇത്‌ പലപ്പോഴും ബുദ്ധിമുട്ടിക്കുന്നു. മഴ തുടങ്ങിയതോടെ, നിർമാണപ്രദേശങ്ങളിൽ വെള്ളക്കെട്ട്‌ രൂപപ്പെട്ടു. ഗതാഗതക്കുരുക്കും രൂക്ഷമാണ്‌. നിർമാണത്തിലെ സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന്‌ ആലപ്പുഴ പറവൂരിൽ ഉയരപ്പാതയിൽ വിള്ളൽ രൂപപ്പെട്ടു. കഴിഞ്ഞ ദിവസം ചേർത്തലയിൽ ദേശീയപാതയിൽ അഗാധഗർത്തം ഉണ്ടായി. വെള്ളക്കെട്ട്‌ രൂക്ഷമായതോടെ ആലപ്പുഴ കൊമ്മാടിയിൽ ജനങ്ങൾ ഗതാഗതം തടഞ്ഞ്‌ പ്രതിഷേധിച്ചു. ഇവിടെ വെള്ളം ഒഴുകിപ്പോകാൻ കാനയുടെ നിർമാണം തീർത്തും അശാസ്‌ത്രീയമായാണ്‌ എൻഎച്ച്‌എഐ നടത്തിയതെന്ന്‌ ആക്ഷേപമുണ്ട്‌. മഴക്കാല ജലനിരപ്പ്‌ മനസിലാക്കാതെയായിരുന്നു നിർമാണം. ജലനിരപ്പിന്‌ മുകളിൽ വരുന്ന രീതിയിൽ ഉയർത്തി നിർമിച്ചതിനാൽ വെള്ളം ഒഴുകിപ്പോകാൻ സ‍ൗകര്യമില്ലാതായി. കൈത്തോടുകൾ സ്വകാര്യവ്യക്‌തികൾ കൈയേറിയതും വെള്ളക്കെട്ടിന്‌ കാരണമായി. വെള്ളക്കെട്ട്‌ പരിഹരിക്കാൻ നേരത്തേ മുൻ എംഎൽഎ പി പി ചിത്തരഞ്‌ജൻ ദേശീയപാത അതോറിറ്റി അധികൃതരുടെ യോഗം ജില്ലാ കലക്‌ടറുടെ സാന്നിധ്യത്തിൽ വിളിച്ചു ചേർത്തിരുന്നു. പ്രദേശം സന്ദർശിച്ച്‌ വെള്ളക്കെട്ട്‌ ഒഴിവാക്കാമെന്ന്‌ എൻഎച്ച്‌എഐ അറിയിക്കുകയും ചെയ്‌തു. യുഡിഎഫ്‌ സർക്കാർ അധികാരമേറ്റതിന്‌ ശേഷം ഇതിന്‌ തുടർപ്രവർത്തനങ്ങൾ ഉണ്ടായില്ല. ജൂൺ 21 നാണ്‌ പറവൂർ അടിപ്പാതയ്‌ക്ക് മുകളിലെ ഉയരപ്പാതയിൽ വിള്ളൽ കണ്ടെത്തിയത്‌. വാഹനത്തിരക്ക് ഏറിയ ജങ്ഷനിൽ പാതയുടെ നിർമാണ ആരംഭത്തിൽ പണിത പാലത്തിന് ഇരുഭാഗത്തുമാണ് വിള്ളൽ. ഇവിടെ ഗതാഗതത്തിന്‌ തുറന്നുകൊടുത്തിരുന്നു. എന്നാൽ, വിള്ളൽ കണ്ടെത്തിയതോടെ വീണ്ടും ഗതാഗതം സർവീസ്‌ റോഡ്‌ വഴിയാക്കി. വിള്ളൽ കോൺക്രീറ്റ്‌ചെയ്‌ത്‌ അടച്ചെങ്കിലും ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. ചേർത്തല 11ാം മൈൽ ജങ്‌ഷന്‌ സമീപത്ത്‌ ചൊവ്വ വൈകിട്ടാണ്‌ അഗാധഗർത്തം രൂപപ്പെട്ടത്‌. വാഹനങ്ങൾ അപകടത്തിൽപ്പെടാവുന്ന വ്യാസത്തിലാണ്‌ ഗർത്തം. ഇത്‌ രാത്രിതന്നെ എൻഎച്ച്‌എഐ കോൺക്രീറ്റ്‌ ചെയ്‌ത്‌ അടച്ചു. പരിശോധനകൾ നടത്തിവരികയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home