ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം


സ്വന്തം ലേഖകൻ
Published on Jul 02, 2026, 01:40 AM | 2 min read
കടയ്ക്കൽ
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇതിഹാസം തീർത്ത കടയ്ക്കലിൽ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം. ബുധൻ വൈകിട്ടോടെ പതാക, കൊടിമര, ദീപശിഖ ജാഥകൾ കടയ്ക്കലിലെ സമ്മേളന നഗരിയിൽ സംഗമിച്ചു. അനശ്വര രക്തസാക്ഷികളുടെ കനലിരമ്പുന്ന സ്‌മരണകളുണർത്തി സ്വാഗതസംഘം ചെയർമാൻ വി സുബ്ബലാൽ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് ഒൗദ്യോഗിക തുടക്കമായി. രക്തസാക്ഷി അജയ് പ്രസാദിന്റെ കരുനാഗപ്പള്ളിയിലെ സ്മൃതി മണ്ഡപത്തിൽനിന്ന് ബുധനാഴ്ച ആരംഭിച്ച പതാകജാഥയിൽ സംസ്ഥാന കമ്മിറ്റി അംഗം ബി ബൈജു ക്യാപ്റ്റനും ജില്ലാ കമ്മിറ്റി അംഗം അബാദ് ബാഷ മാനേജരുമായിരുന്നു. സമ്മേളന നഗരിയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് വിക്രമൻ പതാക ഏറ്റുവാങ്ങി. രക്തസാക്ഷി സുനിൽകുമാറിന്റെ സ്‌മൃതിമണ്ഡപത്തിൽനിന്ന് ആരംഭിച്ച കൊടിമരജാഥയിൽ സംസ്ഥാന കമ്മിറ്റി അംഗം എസ് ആർ രാഹുൽ ക്യാപ്റ്റനും ജില്ലാ കമ്മിറ്റി അംഗം ടി പി അഭിമന്യു മാനേജരുമായിരുന്നു. ജാഥയ്ക്ക് കടയ്ക്കലിൽ ഉജ്വല വരവേൽപ്പ് നൽകി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം നസീർ കൊടിമരം ഏറ്റുവാങ്ങി. രക്തസാക്ഷി ശ്രീരാജിന്റെ സ്മൃതി മണ്ഡപത്തിൽനിന്ന് ആരംഭിച്ച്, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എ അഭിലാഷ് ക്യാപ്റ്റനും കമ്മിറ്റി അംഗം അമീഷ് ബാബു മാനേജരുമായ ദീപശിഖാ ജാഥയെ സമ്മേളന നഗരിയിൽ സ്വീകരിച്ചു. കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽനിന്ന് ആരംഭിച്ച അനുബന്ധ ദീപശിഖാ റാലിയിൽ ജില്ലാ കമ്മിറ്റി അംഗം എസ് അനന്തലക്ഷ്മി ക്യാപ്റ്റനും ബ്ലോക്ക് സെക്രട്ടറി എം മനോജ്‌കുമാർ മാനേജരുമായിരുന്നു. ദീപശിഖകൾ കേന്ദ്ര കമ്മിറ്റി അംഗം ചിന്താ ജെറോമും വി സുബ്ബലാലും ഏറ്റുവാങ്ങി. നൂറുകണക്കിന് അത്‌ലറ്റുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയോടെയാണ് ജാഥകൾ കടയ്ക്കൽ ടൗണിൽ പ്രവേശിച്ചത്. ജാഥാ ക്യാപ്റ്റൻമാരും നേതാക്കളും കടയ്ക്കൽ വിപ്ലവ സ്മാരകത്തിലെത്തി പുഷ്പചക്രം സമർപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു, ജില്ലാ പ്രസിഡന്റ് ടി ആർ ശ്രീനാഥ്, സെക്രട്ടറി ശ്യാംമോഹൻ, ട്രഷറർ എസ് ഷബീർ തുടങ്ങിയവർ സംസാരിച്ചു. വ്യാഴം രാവിലെ 10ന് പുഷ്പൻ നഗറിൽ (ആൽത്തറമൂട് ഗാഗോ കൺവൻഷൻ സെന്റർ) സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മൂന്നിന് പ്രതിനിധി സമ്മേളനം തുടരും. നാലിന് കടയ്ക്കൽ ബസ് സ്റ്റാൻഡ് മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനംചെയ്യും.











0 comments