print edition ടൗൺഷിപ്പിൽ പാലുകാച്ചി സയനയും അനീഷും; പൊന്നോമനകൾ നിറഞ്ഞ് ബ്രദേഴ്‌സ് ഹൗസ്

ടൗൺഷിപ്പിൽ പാലുകാച്ചിയ വീട്ടിൽ സയനയും അനീഷും | ഫോട്ടോ: എം എ ശിവപ്രസാദ്
കൽപ്പറ്റ: ഉരുളിൽപ്പൊലിഞ്ഞ മൂന്ന് പൊന്നോമനകളുടെ ഓർമകൾക്ക് നടുവിൽനിന്ന് ചൂരൽമലയിലെ സയനയും അനീഷും ടൗൺഷിപ്പിലെ വീട്ടിൽ പാലുകാച്ചി. ഗൃഹപ്രവേശത്തിന് കൈപിടിച്ച് പുതിയ വീട്ടിൽ കയറാൻ മക്കളില്ലെങ്കിലും വീടുനിറയെ അവരാണ്.
മൂന്നരവയസ്സുകാരൻ ഇഷാനും ഏഴര വയസ്സുള്ള ധ്യാനും ഒമ്പതുകാരൻ നിവേദും വീടിന്റെ ചുവരിലും മുറികളിലും തുടങ്ങി താക്കോൽക്കൂട്ടത്തിൽ വരെയുണ്ട്. ഉരുളിൽ നഷ്‌ടമായ മക്കൾ പിച്ചവച്ചനാൾ മുതലുള്ള ചിത്രങ്ങളും കളിപ്പാട്ടങ്ങളും നിറച്ചാണ് ‘ത്രി ബ്രദേഴ്‌സ് ഇൻ ആംസ്’ എന്ന് പേരിട്ട വീട്ടിൽ അമ്മയും അച്ഛനും മക്കളുടെ ഓർമകളെ ചേർത്തണയ്‌ക്കുന്നത്.
ധ്യാൻ വരച്ചുപകുതിയാക്കിയ കളർപ്പുസ്‌തകം മുതൽ ബസും ജീപ്പും സ്‌പൈഡർമാനും പാവകളും ഉൾപ്പെടെ കളിപ്പാട്ടങ്ങൾക്ക് മാത്രമായി മുറിയുണ്ട്. ഇഷാനും ധ്യാനും നിവേദും ചിരിതൂകി നിൽക്കുന്ന ജീവസ്സുറ്റ ചിത്രമാണ് ലിവിങ് റൂമിന്റെ ചുവരുനിറയെ.
അരികിൽ മുത്തശ്ശി രാജമ്മയും മുത്തച്ഛൻ കൃഷ്‌ണൻകുട്ടിയുമുണ്ട്. രാജമ്മയെയും ഉരുളിൽ നഷ്ടപ്പെട്ടതാണ്. ഒന്നാംഘട്ടത്തിലെ 178 ഗുണഭോക്താക്കൾക്കൊപ്പം ടൗൺഷിപ്പിലെ വീട് കുടുംബം മെയ്‌മാസം ഏറ്റുവാങ്ങിയിരുന്നു. മക്കളും അവരുടെ മുത്തശ്ശിയും അന്ത്യവിശ്രമം കൊള്ളുന്ന പുത്തുമലയിലെ ഹൃദയഭൂമിയിൽ സ്‌മൃതിമണ്ഡപം ഒരുക്കുംവരെ ഗൃഹപ്രവേശം നീട്ടിവയ്‌ക്കുകയായിരുന്നു.
പുത്തുമലയിൽ ഒറ്റക്കുഴിമാടത്തിലാണ് മൂന്നുമക്കളും. തൊട്ടരികിൽ മുത്തശ്ശി രാജമ്മയുമുണ്ട്. കുട്ടികൾക്കായി സമ്മാനിച്ച കളിപ്പാട്ടങ്ങളും മിഠായികളുംകൊണ്ട് സ്‌മൃതിമണ്ഡപം നിറച്ചതിനുപു-റമെയാണ് പുതിയവീട്ടിലും അവരുടെ ഓർമകൾ ചേർത്തുവയ്‌ക്കുന്നത്.
ഉരുളിൽനിന്ന് തലനാഴിരയ്‌ക്ക് രക്ഷപ്പെട്ട സയനയും അനീഷും മാസങ്ങൾ ചികിത്സയിലായിരുന്നു. ബുധനാഴ്‌ച പാലുകാച്ചിയ വീട്ടിൽ ശനിയാഴ്‌ച ബന്ധുക്കളും സുഹൃത്തുക്കളുമെത്തും. മുൻമന്ത്രി കെ രാജനും കുടുംബത്തിന് ഉപജീവനമാർഗമായി ജീപ്പ് സമ്മാനിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകരും എത്തുമെന്ന് അനീഷും സയനയും പറഞ്ഞു.











0 comments