മത്സരവേദികളിൽ ഇനിയില്ല മണികണ്‌ഠൻ

ജോർജ് ജോൺ
Published on Apr 23, 2026, 12:20 AM | 1 min read
തൃശൂർ
ശരീരസൗന്ദര്യ മത്സരത്തിൽനിന്ന് എന്നെന്നേക്കുമായി വിടചൊല്ലി മണികണ്‌ഠൻ. മുണ്ടത്തിക്കോട് വെടിക്കെട്ടുപുര പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച മണികണ്‌ഠൻ ശരീര സൗന്ദര്യ മത്സരത്തിൽ ജില്ലാ ചാന്പ്യനാണ്. മിസ്റ്റർ തൃശൂർ പട്ടം കരസ്ഥമാക്കിയിട്ടുള്ള മണികണ്‌ഠൻ ഇനി ഓർമ മാത്രമാണെന്ന് വിശ്വസിക്കാനാവാതെ വിതുന്പുകയാണ് സുഹൃത്തുക്കളും നാട്ടുകാരും. തൃശൂർ കോട്ടപ്പുറം കാമ്മത്ത് ലെയ്‌നിൽ പൊന്നരിപ്പ് വീട്ടിൽ വെങ്കിടാചലത്തിന്റെ മകൻ മണികണ്‌ഠൻ (33) ആണ് അപകടത്തിൽ മരിച്ചത്. മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബുധനാഴ്‌ച രാവിലെ 10.20ന് വീട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധിപേർ അന്ത്യോപചാരം അർപ്പിക്കാനെത്തി. ആംബുലൻസിൽ വീടിന് മുൻവശം എത്തിച്ച മൃതദേഹം ആംബുലൻസിൽ നിന്ന് ഇറക്കിയില്ല. ഒരുമണിക്കുറിലേറെ പൊതുദർശനത്തിന് വച്ചശേഷം പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്‌കരിച്ചു. വെടിക്കെട്ട് കന്പം മൂലമാണ് തിരുവന്പാടി ദേവസ്വം വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കുന്ന മുണ്ടത്തിക്കോട് പണിശാലയിൽ ചൊവ്വാഴ്‌ച രാവിലെ സഹോദരൻ രാജീവിന്റേയും സുഹൃത്തുക്കളുടേയും ഒപ്പം എത്തിയത്. കോട്ടപ്പുറം ചേലാട്ട്‌ലെയ്‌നിൽ പള്ളത്ത് കരുമാലി പരേതനായ മോഹനന്റെ മകൻ ഗിരിയുടെ ഓട്ടോറിക്ഷയിലാണ് അഞ്ചംഗ സംഘം മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെത്തിയത്. രാജീവ് ചായ കുടിക്കാൻ പുറത്ത് ഇറങ്ങിയ സമയത്തായിരുന്നു പൊട്ടിത്തെറി. മുൻ വർഷങ്ങളിലും വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കാൻ ഇവർ പോകാറുണ്ട്. മണികണ്ഠന്റെ ചെവിയിലെ കമ്മൽ കണ്ടാണ് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്. വലത് ചെവിയും വലത് കയ്യും അടങ്ങിയ ശരീരത്തിന്റെ ഭാഗമാണ് ലഭിച്ചത്. ഗിരിയും വിഷ്‌ണുവും അഭിജിത്തും പൊട്ടിത്തെറി സമയത്ത് വെടിക്കെട്ടുപുരയിലുണ്ടായിരുന്നതായി മരിച്ച മണികണ്ഠന്റെ സഹോദരൻ രാജീവ് പറയുന്നു. അവരെ ഇനിയും കണ്ടെത്താനായിട്ടില്ല. ശ്രീദേവിയാണ് മണികണ്ഠന്റെ അമ്മ. അന്ത്യോപചാരമർപ്പിക്കാൻ പി ബാലചന്ദ്രൻ എംഎൽഎ, സിപിഐ എം തൃശൂർ ഏരിയ സെക്രട്ടറി അനൂപ് ഡേവീസ് കാട, തിരുവന്പാടി ദേവസ്വം സെക്രട്ടറി കെ ഗിരിഷ് കുമാർ, പൂരം പ്രദർശന കമ്മിറ്റി പ്രസിഡന്റ് എം ജയചന്ദ്രൻ, കോർപറേഷൻ കൗൺസിലർമാരായ പി സുകുമാരൻ, സുനിത വിനോദ്, സിപിഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ ബി എൽ ബാബു, കെ എസ് സെന്തിൽകുമാർ, സി സന്തോഷ് എന്നിവർ എത്തി.










0 comments