ad
Deshabhimani

പുൽപ്പായയിൽ പുതുവർണങ്ങൾ 
തീർത്ത്‌ തൊഴിലാളി കൂട്ടായ്‌മ

കിള്ളിമംഗലം പുൽപ്പായ നെയ് ത്ത് സംഘത്തിൽ പുൽപ്പായകൾ തയ്യാറാക്കുന്ന വനിതകൾ
avatar
സതീഷ് രഞ്‌ജു

Published on Sep 07, 2026, 12:29 AM | 1 min read

പാഞ്ഞാൾ

പുൽപ്പായയിൽ പുതുവർണങ്ങളൊരുക്കിയും വിപണനരംഗത്തെ നൂതനസാധ്യതകൾ പ്രയോജനപ്പെടുത്തിയും മുന്നോട്ടുപോവുകയാണ്‌ കിള്ളിമംഗലത്തെ ഒരുകൂട്ടം തൊഴിലാളികൾ. പ്രതിസന്ധികളാൽ ജീവിതത്തിന്റെ നിറംമങ്ങുന്പോഴും തോൽക്കില്ലെന്ന ഇച്ഛാശക്തിയാണ്‌ ഇ‍വരെ നയിക്കുന്നത്‌. പരമ്പരാഗത തൊഴിലുമായി 75 വർഷത്തോളമായി കിള്ളിമംഗലത്ത് പ്രവർത്തിക്കുന്ന തൊഴിലാളികളുടെ കൂട്ടായ്മയായ പുൽപ്പായ നെയ്ത്ത് സഹകരണസംഘത്തിലെ അംഗങ്ങളാണ്‌ ഇ‍ൗ എട്ട്‌ വനിതകൾ. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ 100 ശതമാനം പ്രകൃതീദത്ത രീതിയിലാണ്‌ പുൽപ്പായ നെയ്യുന്നത്. വിപണനത്തിനായി വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് കൂടുതലായും വിൽപ്പന. കൂടാതെ ഓർഡർ പ്രകാരം എത്തിച്ചും നൽകും. 1953ല്‍ ആരംഭിച്ച സ്ഥാപനം വ്യവസായ സഹകരണ സംഘത്തിൽ രജിസ്റ്റർ ചെയ്താണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ അവശേഷിക്കുന്ന ഏക പുൽപ്പായ നെയ്ത്ത് സംഘമാണിത്‌. പാലക്കാട് ചിറ്റൂർ ഭാഗത്തെ പുഴയോരത്തുള്ള പുല്ല് ഉപയോഗിച്ചാണ് പായ നിർമാണം. കിലോയ്‌ക്ക് 500 രൂപയാണ്‌ വില. നിർമാണ സാമഗ്രികളുടെ വില വർധന കാര്യമായി ബാധിച്ചിട്ടുണ്ട്. പായയ്‌ക്ക്‌ പുറമെ ടേബിൾ മാറ്റ്, റണ്ണർ, യോഗ മാറ്റ്, പ്രയർ മാറ്റ്, കരകൗശല വസ്തുക്കൾ, പെയിന്റിങ്‌ എന്നിവയും ഇവർ ചെയ്തുനൽകുന്നുണ്ട്. അസംസ്‌കൃത വസ്തുക്കൾക്ക്‌ സർക്കാർ സബ്സിഡി നൽകിയാൽ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമെന്ന്‌ സംഘം പ്രസിഡന്റ് എൻ സി സുധാകരൻ, സെക്രട്ടറി എം എസ് സിന്ധു എന്നിവർ പറഞ്ഞു. കൂടുതൽ യന്ത്രങ്ങൾ, നിർമാണ സാമഗ്രികൾ ഒന്നിച്ചെടുക്കാനുള്ള മുടക്കുമുതൽ എന്നിവ ആവശ്യമാണ്‌. തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം നൽകാനാകാത്ത സാഹചര്യമാണ്. സ്ഥിരവിപണി കണ്ടെത്തുകയും അസംസ്‌കൃതവസ്തുക്കൾ വാങ്ങാനുള്ള മൂലധനം കണ്ടെത്തുകയും ചെയ്താൽ കൂടുതൽ സാധനങ്ങൾ സ്റ്റോക്ക് ചെയ്യാൻ കഴിയും. ഇതിന്‌ സർക്കാർ സഹായം വേണമെന്നും സംഘം ഭാരവാഹികൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home