വികസനത്തിനായ് ഒത്തൊരുമിച്ച്

സതീഷ് മുണ്ടക്കോട്ടുകുറുശ്ശി
Published on Dec 02, 2025, 12:15 AM | 1 min read
ചെറുതുരുത്തി
അധ്യാപന രംഗത്തെ അനുഭവങ്ങളാണ് ബുഷറ ടീച്ചറുടെ കരുത്ത്. ചെല്ലുന്നിടത്തെല്ലാം ശിഷ്യർ, പരിചിത മുഖങ്ങൾ. ചെറുതുരുത്തിക്ക് സുപരിചിതയാണ് വി എം ബുഷറ ടീച്ചർ. പ്രചാരണ പര്യടനം കൊടുമ്പിരി കൊള്ളുമ്പോൾ ആവേശവും അലതല്ലുകയാണ്. തിങ്കളാഴ്‌ച വള്ളത്തോൾ നഗർ ഡിവിഷനിലെ വിദ്യാലയങ്ങളും പൊതുസ്ഥാപനങ്ങളും സന്ദർശിച്ച് വോട്ടർമാരെ കാണുകയായിരുന്നു ബുഷറടീച്ചർ. സഹപ്രവർത്തകരും ശിഷ്യരും രക്ഷിതാക്കളുമാണ് കടന്നുചെല്ലുന്നിടത്തൊക്കെ. വള്ളത്തോളിന്റെ സാംസ്കാരിക ഭൂമിയിൽ നിന്നും വിദ്യാഭ്യാസ - പൊതുരംഗത്തെ അനുഭവക്കരുത്തുമായാണ് ബുഷറ വള്ളത്തോൾ നഗർ ഡിവിഷനിൽ ജനവിധി തേടുന്നത്. ഓരോ കടകളിലും കയറിയിറങ്ങി പരിചയം പുതുക്കിയും പരിചയം സ്ഥാപിച്ചും സ്ഥാനാർഥി ഓടി നടക്കുകയാണ്. അമ്മമാർ അനുഗ്രഹാശിസ്സുകൾ നേരുമ്പോൾ, ശിഷ്യരും സഹപ്രവർത്തകരുമെല്ലാം വികസനത്തുടർച്ചയ്ക്ക് ബുഷറ ടീച്ചർതന്നെ വരുമെന്ന ശുഭാപ്തി വിശ്വാസമാണ് പങ്കുവയ്‌ക്കുന്നത്. പാഞ്ഞാൾ പഞ്ചായത്തിലെ 15 വാർഡുകളും , വള്ളത്തോൾ നഗർ പഞ്ചായത്തിലെ 18 വാർഡുകളും , മുള്ളൂർക്കര പഞ്ചായത്തിലെ 10 വാർഡുകളും , വരവൂർ പഞ്ചായത്തിലെ രണ്ടു വാർഡുകളും അടക്കം 45 വാർഡുകൾ ഉൾപ്പെടുന്നതാണ് വള്ളത്തോൾ നഗർ ഡിവിഷൻ. ഞായറാഴ്ച സിപിഐ എം ഏരിയ കമ്മിറ്റി അംഗം എം സുലൈമാൻ പള്ളിക്കലിൽ നിന്ന് ഉദ്ഘാടനം ചെയ്ത പര്യടനം വെട്ടുകാട് സമാപിച്ചു. സിപിഐ എം വള്ളത്തോൾ നഗർ ഏരിയ സെക്രട്ടറി കെ കെ മുരളീധരൻ സമാപനം ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂൾ , മറ്റു പൊതു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്ഥാനാർഥി പര്യടനം നടത്തി. 2, 3 തീയതികളിൽ രണ്ടാംഘട്ട പര്യടനത്തിന് തുടക്കമാകും.










0 comments