പഞ്ചലോഹ വിഗ്രഹ മോഷണം: പ്രതി പിടിയിൽ

പുതുവീട്ടിൽ മനാഫ്
തൃശൂർ
കുന്നംകുളത്ത് മാക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. നിരവധി മോഷണക്കേസുകളിൽ പ്രതിയായ മരപ്പട്ടി മനാഫ് എന്നുവിളിക്കുന്ന ചാവക്കാട് മല്ലാട് സ്വദേശി പുതുവീട്ടിൽ മനാഫ് (46) ആണ് അറസ്റ്റിലായത്. സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള സാഗോഗ് ടീമും കുന്നംകുളം പൊലീസും ചേർന്ന് എറണാകുളം ചേന്ദമംഗലത്തുനിന്നുമാണ് പ്രതിയെ പിടികൂടിയത്. സെപ്‌തംബർ 10നായിരുന്നു കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തിലെ 65 വർഷം പഴക്കം വരുന്നതും 15 കിലോയോളം തൂക്കമുള്ളതുമായ പഞ്ചലോഹ വിഗ്രഹമാണ് മോഷ്‌ടിച്ചത്. ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹത്തെക്കുറിച്ച് നേരത്തെ മനസ്സിലാക്കിയിരുന്ന പ്രതി ഗുരുവായൂർ വാഴപ്പള്ളിയിലെ വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിക്കുകയും തുടർന്ന് ക്ഷേത്രത്തിൽ കയറി വിഗ്രഹവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുകയുമായിരുന്നു. ബൈക്ക് ഗുരുവായൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് ഉപേക്ഷിച്ചതിനു ശേഷം എറണാകുളത്തേക്ക് കടന്നു. 35ഓളം ക്ഷേത്രമോഷണക്കേസിൽ പ്രതിയാണ് മനാഫ്. കഴിഞ്ഞ മാസം ഗുരുവായൂരിൽ നടന്ന മറ്റൊരു കേസിലടക്കം നിരവധി മോഷണത്തിനു പിന്നിൽ ഇയാളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മോഷ്ടിച്ച ബൈക്കിലെത്തി ക്ഷേത്ര മോഷണം നടത്തുന്നതാണ് മനാഫിന്റെ രീതി. ഇതിന്റെ അടിസ്ഥാനത്തിൽ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള നിർണായക സൂചന ലഭിച്ചത്. ബൈക്കിൽ നിന്ന് ലഭിച്ച വിരലടയാളമാണ് മനാഫിനെ കുടുക്കിയത്. ക്ഷേത്രങ്ങളിലെ സുരക്ഷിയ്‌ക്കായി സിസിടിവി സ്ഥാപിക്കണമെന്ന് സിറ്റി പൊലീസ് കമീഷണർ നകുൽ ആർ ദേശ്‌മുഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസിപി സജു കെ എബ്രഹാം, ബിജോയ്, ഇൻസ്‌പെക്ടർമാരായ അനിൽ ടി മേപ്പിള്ളി, റെനീഷ്, എസ്ഐ രോഹിത് എഎസ്‌ഐ പി കെ പഴനി സ്വാമി, ലിജോൺ, സിപിഒമാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ, സുനീബ്,സിംസൺ, ശ്രീജിത്ത്, നൈജോൺ, അരുൺ, അബീഷ്, അനൂപ് എന്നിവരുമാണ് ഉണ്ടായിരുന്നത്.










0 comments