ജില്ലയില്‍ ക്ഷേത്ര മോഷണം പെരുകുന്നു
15 കിലോ പഞ്ചലോഹ വിഗ്രഹം കവർന്നു

തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിലെത്തിയ എ സി മൊയ്തീന്‍ എംഎൽഎ ക്ഷേത്ര ഭാരവാഹികളുമായി സംസാരിക്കുന്നു
കുന്നംകുളം
തെക്കേപ്പുറം മാക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ 15 കിലോ തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖും കവർന്നു. വെള്ളി പുലർച്ചെ ശാന്തിക്കാരൻ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഉടൻ ഭാരവാഹികളെയും നാട്ടുകാരെയും വിവരമറിയിച്ചു. ക്ഷേത്രത്തിനകത്ത് സിസിടിവി കാമറ സ്ഥാപിച്ചിരുന്നെങ്കിലും അതിന്റെ കാഴ്ചമറയ്ക്കാൻ പട്ടുതുണികൊണ്ട് മൂടിയ ശേഷമാണ് മോഷ്ടാക്കൾ കൃത്യം നടത്തിയത്. പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡുമെത്തി പരിശോധന നടത്തി. ക്ഷേത്രത്തിന് സമീപത്തെയും പ്രദേശത്തെ മറ്റ് റോഡുകളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസം മുമ്പ് തൊട്ടടുത്തുള്ള വാഴപ്പിള്ളി കുടുംബ ക്ഷേത്രത്തിലും സമാന രീതിയിൽ മോഷണം നടന്നിരുന്നു. അന്ന് നാല് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് നാല് ഗ്രാം സ്വർണത്താലിയും 70,000 രൂപയുമാണ് കവർന്നത്. പ്രദേശത്ത് തുടർച്ചയായുണ്ടാകുന്ന മോഷണങ്ങൾ നാട്ടുകാരിൽ കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.










0 comments