ശ്രദ്ധേയമായി മോളിക്യൂൾസ്
ബംഗളൂരുവിൽ നിന്ന് കൊരട്ടിയിലേക്ക്

കൊരട്ടി മോളിക്യൂൾസ് ബയോലാബ്‌സ് ഗവേഷണ കേന്ദ്രം വ്യവസായ മന്ത്രി പി രാജീവ് സന്ദർശിക്കുന്നു
തൃശൂർ
‘കേരളത്തിൽ തുടങ്ങിയ സ്റ്റാർട്ടപ്പുകൾ വളരുന്ന ഘട്ടത്തിൽ ബംഗളൂരുവിലേക്കും മറ്റും ചേക്കേറുന്ന കഥകൾ കേട്ടിട്ടില്ലേ? എന്നാൽ, ബംഗളൂരുവിൽ തുടങ്ങിയ സ്ഥാപനം വളർച്ചയുടെ ഘട്ടമായപ്പോൾ കേരളത്തിലേക്ക് ചേക്കേറിയ വാർത്ത കേട്ടിട്ടുണ്ടാകാൻ ഇടയില്ല. അതാണ് കൊരട്ടി കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന മോളിക്യൂൾസ്’. വ്യവസായ മന്ത്രി പി രാജീവിന്റെ ഫേസ്‌ബുക്കിലാണ് ഇൗ വാക്കുകൾ കുറിച്ചത്. ലൈപോസോമൽ സപ്ലിമെന്റുകളുടെ ഗവേഷണത്തിനും വികസനത്തിനുമായി ഏഷ്യയിലെ ഏറ്റവും വലിയ ഗവേഷണ കേന്ദ്രമായ മോളിക്യൂൾസ് ബയോലാബ്‌സിൽ ലിപോസോമൽ ബീഡ്‌ലെറ്റസ് ഇന്നവേഷൻ യൂണിറ്റ് ഉദ്‌ഘാടനം ചെയ്‌തശേഷമാണ് ഫേസ്‌ബുക്കിൽ കുറിപ്പ് എഴുതിയത്. മൂന്നര വർഷം മുമ്പ് ചെറിയ തോതിൽ തുടങ്ങിയ മോളിക്യൂൾസ് 40 രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ അയക്കുന്ന ആഗോളസാന്നിധ്യമായി വളർന്നുവെന്ന യാഥാർഥ്യം അത്ഭുതപ്പെടുത്തുന്നതാണ്. ബംഗളൂരുവിൽ ചെറിയ യൂണിറ്റ് നിലനിർത്തി വിപുലപ്പെടുത്തൽ കേരളത്തിലാക്കി. കേരളത്തിൽ നിന്ന് ലോകത്തിലേക്ക് എന്നതാണ് ഇവരുടെ ലക്ഷ്യം ശ്രീരാജ് ഗോപി എന്ന യുവ ശാസ്ത്രജ്ഞന്റെ കണ്ടുപിടിത്തങ്ങൾ പല ലോക ബ്രാൻഡുകളിൽ വിപണിയിലെത്തുന്നു. അന്പതോളം ശാസ്‌ത്രജ്ഞർ കന്പനിയിൽ ജോലിചെയ്യുന്നു. ന്യൂട്രോസ്യൂട്ടിക്കൽസിലെ ലോകത്തിലെ പ്രധാന സ്ഥാപനമായി ഇത് മാറി. നേരത്തേ ഇന്ത്യൻ കമ്പനികൾ അമേരിക്കയിലേയും യൂറോപ്പിലേയും പ്രധാന ഗവേഷണസ്ഥാപനങ്ങളും കാണുന്നതിനും മറ്റും അങ്ങോട്ടുപോയിരുന്നുവെങ്കിൽ, ഇന്ന് അവിടെ നിന്നുള്ള കമ്പനികൾ കേരളത്തിൽ വന്ന് മോളിക്യൂളിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ചർച്ച ചെയ്യുന്നതായും മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു. അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ചിലി തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളും ശാസ്ത്രജ്ഞരും മോളിക്യൂൾസ് സന്ദർശിച്ചിരുന്നു. ഡോ. ശ്രീരാജ് ഗോപിയാണ് മാനേജിങ് ഡയറക്ടർ. സഹോദരനായ ഡോ. ശ്രീരാഗ് ഗോപി ഡയറക്ടറുമാണ്. സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ ആഗോള ലൈപോസോമൽ ഗവേഷണ ഹബ്ബാക്കി കൊരട്ടിയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ശ്രീരാജ് ഗോപി പറഞ്ഞു.









0 comments