ഇനി കളിക്കാം മനം നിറഞ്ഞ്

തൃശൂർ കോർപറേഷൻ അരണാട്ടുകര നേതാജി ഗ്രൗണ്ടിലെ ടർഫ്
തൃശൂർ
കേരളത്തിന്റെ കായിക ഭൂപടത്തിൽ സ്ഥാനം പിടിച്ച ഐ എം വിജയൻ സ്‌പോർട്‌സ് കോംപ്ലക്‌സിന് പുറമെ ഇതാ കോർപറേഷൻ സ്‌റ്റേഡിയത്തിലും അരണാട്ടുകരയിലും പറവട്ടാനിയിലും കളിക്കളം. കായിക മേഖലയിൽ മികവുറ്റ കളിക്കാരെ വാർത്തെടുക്കലാണ് ലക്ഷ്യം. ലഹരിയെ ഉപേക്ഷിക്കാൻ കായിക ക്ഷമത വർധിപ്പിക്കാം എന്നാണ് കോർപറേഷൻ സന്ദേശം. എൽഡിഎഫ് കൗൺസിലിന്റെ നേതൃത്വത്തിൽ യുവതലമുറക്കായി നിരവധി കായിക പദ്ധതികളും നടപ്പാക്കി. തൃശൂർ കോർപറേഷൻ സ്‌റ്റേഡിയത്തിൽ സിന്തറ്റിക് ഫുട്‌ബോൾ ടർഫ് സ്ഥാപിച്ചു. ഫിഫ 2 സ്‌റ്റാർ സർട്ടിഫിക്കേഷനുള്ള ഫുട്‌ബോൾ സ്‌റ്റേഡിയമാണിത്. പറവട്ടാനിയിലെ രാജ്യാന്തര നിലവാരത്തിലുള്ള സിന്തറ്റിക് ടർഫ് പണി പൂർത്തീകരിച്ച് ജനങ്ങൾക്ക് സമർപ്പിച്ചു. ഫുട്‌ബോൾ ഇതിഹാസം പെലെയോടുള്ള ആദര സൂചകമായി ‘ പെലെ: ദി ലെജൻഡ് സ്‌റ്റേഡിയം’ എന്നാണ് പേരിട്ടത്. അരണാട്ടുകര നേതാജി ഗ്രൗണ്ടിൽ ടർഫ് സമർപ്പിച്ചു. വ്യായാമത്തിനായി എത്തുന്നവർക്ക് കാതിനും മനസ്സിനും ഇമ്പം നൽകുന്ന ഗാനങ്ങൾ കേൾക്കുന്നതിനുള്ള മ്യൂസിക് സൗണ്ട് സിസ്റ്റവും സജ്ജമാക്കിയിട്ടുണ്ട്. ഡിവിഷൻ ഫണ്ടിൽ ഉൾപ്പെടുത്തി ഫെൻസിങ്, ഫ്ളഡ് ലിറ്റ് എന്നിവയും നിർമിച്ചു. പൊതുജനങ്ങളുടെ ആരോഗ്യക്ഷമത വർധിപ്പിക്കുന്നതിനുള്ള ഓപ്പൺ ജിമ്മിന്റെ നിർമാണം അതിവേഗത്തിൽ പൂർത്തീകരിക്കയാണ്. ശുചിത്വ മിഷൻ ഫണ്ടിൽ ഉൾപ്പെടുത്തി ടോയ്‌ലറ്റ് ബ്ലോക്ക് നിർമാണം പുരോഗതിയിലാണ്. ഐ എം വിജയൻ സ്‌റ്റേഡിയത്തിലും ഫുട്‌ബോൾ മൈതാനമുണ്ട്. ഇൻഡോർ സ്റ്റേഡിയത്തിൽ മൂന്ന് ബാഡ്മിന്റൺ കോർട്ട്, വോളിബോൾ, ബാസ്‌കറ്റ് ബോൾ എന്നിവയുണ്ട്. അന്താരാഷ്‌ട്ര ടെന്നീസ് ഫെഡറേഷൻ മാനദണ്ഡ പ്രകാരമുള്ള അക്രിലിക് കോർട്ട്‍, സ്വിമ്മിങ് പൂൾ, പവലിയൻ ഗാലറി, കായിക താരങ്ങൾക്കായി ഡോർമിറ്ററി, ജിം, വസ്‌ത്രം മാറാനുള്ള മുറികൾ, വിഐപി ഗാലറി, മെഡിക്കല്‍ റൂം എന്നിവയെല്ലാം സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ ഭാഗമാണ്.









0 comments