ad
Deshabhimani

ആരോഗ്യ വിഭാഗം നല്‍കുന്നത് ജാഗ്രതാ നിര്‍ദേശങ്ങള്‍ മാത്രം

പകര്‍ച്ച രോഗങ്ങളില്‍ ക്ഷീണിച്ച് ജില്ല

.
വെബ് ഡെസ്ക്

Published on Jun 19, 2026, 12:00 AM | 1 min read

തൃശൂര്‍

ആരോഗ്യവിഭാഗം തുടർച്ചയായി നല്‍കുന്നത് ജാഗ്രതാ നിര്‍ദേശങ്ങള്‍ മാത്രം, പകര്‍ച്ച രോഗങ്ങളില്‍ ക്ഷീണിച്ച് ജില്ല. ഷിഗല്ല, ഡെങ്കിപ്പനി, എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച രോഗങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ് ജില്ലയില്‍. എന്നാല്‍, രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശം മാത്രമാണ് ആരോഗ്യവിഭാഗം നല്‍കുന്നത്. മുന്‍കരുതല്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ കടുത്ത വീഴ്ചയാണ് ആരോഗ്യവിഭാഗത്തിനുണ്ടായിട്ടുള്ളത്. ഇതിനെതിരെ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ ജില്ലയില്‍ ഏഴു ഷിഗല്ല കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച ഷിഗല്ല ബാധിച്ച് കൊടകര സ്വദേശി മരിക്കുകയും ചെയ്തു. ഒടുവില്‍ അരിമ്പൂരിലെ ദമ്പതികള്‍ക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ യാത്രചെയ്തെത്തിയവരാണിവര്‍. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഡെങ്കിപ്പനിയും ജില്ലയില്‍ കടുത്ത ഭീഷണിയാണുയര്‍ത്തുന്നത്. ഈ മാസം ഇതുവരെ 123 ഡെങ്കിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 46 ഡെങ്കിപ്പനി കേസുകളാണ് ആദ്യവാരം റിപ്പോര്‍ട്ട് ചെയ്തത്. ദിവസം തോറും ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡെങ്കിപ്പനി കേസുകള്‍ കൂടുതല്‍ തൃശൂര്‍ കോര്‍പറേഷന്‍ പരിധിയിലാണ്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫ് നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഭരണസമിതിക്കുണ്ടായ വീഴ്ചയാണ് ഇതിന് കാരണം. 17 വരെ 61 കേസാണ് തൃശൂര്‍ കോര്‍പറേഷനില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഡെങ്കിപ്പനി വ്യാപകമായപ്പോള്‍ മാത്രമാണ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ കോര്‍പറേഷന്‍ ശുചീകരണ പ്രവര്‍ത്തനങ്ങളാരംഭിച്ചത്. എന്നാല്‍, അപ്പോഴേക്കും കോര്‍പറേഷന്‍ ഡെങ്കിപ്പനി കേന്ദ്രമായിക്കഴിഞ്ഞിരുന്നു. 368 പേരാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി ചികിത്സതേടിയത്. ഡെങ്കിപ്പനിക്കൊപ്പം ജില്ലയില്‍ പനി ബാധിതരുടെ എണ്ണത്തിലും വന്‍വര്‍ധനയാണുള്ളത്. പനി ബാധിതരുടെ എണ്ണത്തിലും കോര്‍പറേഷനാണ് മുന്നില്‍. പനി ബാധിച്ച് 15,798 പേര്‍ ചികിത്സതേടി. 99 പേര്‍ കിടത്തിച്ചികിത്സയിലുണ്ട്. അഞ്ചുപേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 42 ഇന്‍ഫ്ലുവന്‍സ കേസും റിപ്പോര്‍ട്ട് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home