ad
Deshabhimani

ഹോർമുസിൽ സംഘർഷം രൂക്ഷം; യുഎസ് എണ്ണ ടാങ്കറുകൾക്ക് നേരെ ഇറാൻ ആക്രമണം

attack

Photo: Screengrab

വെബ് ഡെസ്ക്

Published on Sep 06, 2026, 06:52 AM | 1 min read

തെഹ്‌റാൻ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു. അമേരിക്കയുമായി ബന്ധമുള്ള മൂന്ന് കപ്പലുകൾ ഉൾപ്പെടെ ആറ് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായി ഇറാൻ. ഹോർമുസ് കടലിടുക്കിലൂടെ ബദൽ ജലപാത ഉപയോഗിച്ച മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെയും യുഎസ് ബന്ധമുള്ള മറ്റ് മൂന്ന് കപ്പലുകൾക്ക് നേരെയുമാണ് ആക്രമണം നടത്തിയതെന്ന് ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു.


ഖാർഗ് ദ്വീപിന് സമീപം ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകൾക്ക് നേരെ യുഎസ് നടത്തിയ ആക്രമണം യുദ്ധക്കുറ്റമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. നാവിക ഉപരോധം തുടരുകയാണെങ്കിൽ യുഎസ് സൈനിക കപ്പലുകൾക്ക് നേരെ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്നും ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി.


യു എസിന്റെ രണ്ട് യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചത്. ഇറാന്റെ മുഴുവൻ എണ്ണക്കപ്പലുകളും നശിപ്പിക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രതികരിച്ചു.


സംഘർഷത്തിന് പരിഹാരം കാണാൻ വിവിധ രാജ്യങ്ങളുടെ നേതൃത്വത്തിൽ മധ്യസ്ഥ ശ്രമങ്ങളും തുടരുകയാണ്. തുർക്കി വിദേശകാര്യമന്ത്രി ഹകാൻ ഫിദാൻ ഇന്നലെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയുമായി ഫോണിൽ സംസാരിച്ചു. അമേരിക്കയുമായി നടത്തിയ ഏറ്റവും പുതിയ സമാധാന ചർച്ചകളും ഇനിയും പരിഹരിക്കാനുള്ള വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. തെക്കൻ ലെബനനിൽ ഇസ്രയേൽ ആക്രമണവും തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home