അലയടിച്ച് വിദ്യാർഥി – യുവജന പ്രതിഷേധം

കിലയിലെ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കിലയിലേക്ക് നടത്തിയ മാർച്ച്
തൃശൂർ
കിലയിൽ യുഡിഎഫ് സർക്കാർ നടത്തിയ അനധികൃത നിയമനങ്ങൾക്കെതിരെ ഇരമ്പിയാർത്ത് വിദ്യാർഥി – യുവജന രോഷം. കില ആസ്ഥാനത്തേക്ക് ഡിവൈഎഫ്‌ഐയും എസ്‌എഫ്‌ഐയും മാര്‍ച്ച് നടത്തി. സമരം തടയാൻ പ്രധാന കവാടത്തിനു മുമ്പിൽ പൊലീസ് ബാരിക്കേഡ് ഉയർത്തിയെങ്കിലും വിദ്യാർഥി – യുവജന രോഷത്തെ തടയാനായില്ല. രാവിലെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദ്യം സമരം നടത്തിയത്. ബാരിക്കേഡ് മറികടന്ന ഡിവൈഎഫ്‌ഐ പ്രവർത്തകർ അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സമരം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ എസ് റോസൽ രാജ് ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് പി എച്ച് നിയാസ് അധ്യക്ഷനായി. ട്രഷറർ സുകന്യ ബൈജു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി എസ് സംഗീത്, എറിൻ ആന്റണി, ആഷിക് വലിയകത്ത്, പുഴയ്‌ക്കൽ ബ്ലോക്ക് സെക്രട്ടറി കെ എസ് ശ്രീരാജ് എന്നിവർ സംസാരിച്ചു. എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിന് നേരെ പൊലീസ് അതിക്രമമുണ്ടായി. ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് പ്രവേശിച്ചശേഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സമരത്തിനിടയിൽ പ്രവർത്തകർക്ക് നേരെ പ്രകോപനമില്ലാതെ പൊലീസ് ബലപ്രയോഗം നടത്തിയതിനെ തുടർന്ന് വാക്കേറ്റമുണ്ടായി. സമരം എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് അനസ് ജോസഫ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജിഷ്‌ണു സത്യൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ ആർ അജയ് രാജ്, നവ്യ കൃഷ്ണ, വി എസ് ആദിത്യ, ജില്ലാ വൈസ് പ്രസിഡന്റ് ആൽവിൻ ഷാജി എന്നിവർ സംസാരിച്ചു. യോഗ്യരായ ഉദ്യോഗാർഥികളെ തഴഞ്ഞ് കിലയിൽ എംഎസ്എഫ് – യുഡിഎഫ് പ്രവർത്തകരെ വിവിധ തസ്തികകളിൽ തിരുകിക്കയറ്റുകയാണ്. യുഡിഎഫ് അധികാരത്തിലെത്തി നാല് മാസത്തിനിടെ മാനദണ്ഡങ്ങൾ പാലിക്കാതെ നിരവധി നിയമനങ്ങളാണ് കിലയിൽ നടത്തിയത്. എംഎസ്എഫ് സംസ്ഥാന ട്രഷറർ മുഹമ്മദ് റാഷിദിനെ കില ആസ്ഥാനത്ത് കോ–ഓർഡിനേറ്റർ തസ്തികയിൽ നിയമിച്ചു. ജില്ലാ പ്രസിഡന്റ് ടി കെ ഷെഫീഖിനെ കോ –ഓർഡിനേറ്റർ/ഐടി സപ്പോർട്ട് തസ്തികയിലും നിയമിച്ചു. മന്ത്രി കെ എം ഷാജിയുടെ ഓഫീസിൽനിന്ന് നൽകിയ പട്ടികയുടെ അടിസ്ഥാനത്തിലായരുന്നു നിയമനങ്ങൾ.










0 comments