Deshabhimani

ജെൻസിയിൽ എസ്‌എഫ്‌ഐ തരംഗം

കേരള വർമ കോളേജ് യൂണിയൻ തെരഞ്ഞടുപ്പിൽ മുഴുവൻ സീറ്റിലും വിജയിച്ച എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം  / ഫോട്ടോ: സുരേന്ദ്രൻ മടിക്കൈ                                             കുട്ടനെല്ലൂർ ഗവ. കോളേജിൽ വിജയിച്ച എസ്‌എഫ്‌ഐ പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനം                       / ഫോട്ടോ: ഡിവിറ്റ്  പോൾ
വെബ് ഡെസ്ക്

Published on Oct 16, 2026, 12:28 AM | 1 min read

തൃശൂർ

കലിക്കറ്റ് സർവകലാശാല കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്‌എഫ്‌ഐക്ക്‌ മിന്നും വിജയം. സംഘടന അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്‌ നടന്ന 29 കോളേജുകളിൽ 26 ഇടത്ത്‌ എസ്‌എഫ്‌ഐ ആധിപത്യം നേടി. 19 കോളേജിൽ എല്ലാ ജനറൽ സീറ്റിലും വിജയിച്ചു. വർഷങ്ങൾക്കുശേഷം തൃശൂർ സെന്റ്‌ തോമസ്‌ കോളേജ്‌ തിരിച്ചുപിടിച്ചു. വിദ്യാഭ്യാസ രംഗത്ത്‌ കാവിവൽക്കരണം അടിച്ചേൽപ്പിക്കുന്ന കേന്ദ്രസർക്കാരിനും അതിന്‌ കുടചൂടുന്ന യുഡിഎഫ്‌ സർക്കാരിനുമുള്ള കനത്ത തിരിച്ചടിയാണ്‌ എസ്‌എഫ്‌ഐ മുന്നേറ്റം. വിദ്യാർഥി മുന്നേറ്റങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനുള്ള യുഡിഎഫ്‌ സർക്കാരിന്‌ പുതുതലമുറയുടെ താക്കീതായി ഉജ്വലവിജയം മാറി. ‘സോഷ്യലിസമാണ്‌ ഭാവി, മതനിരപേക്ഷതയാണ്‌ കരുത്ത്‌’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്‌എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ എസ്‌എഫ്‌ഐയെ തകർക്കാൻ കെഎസ്‌യുവും എംഎസ്‌എഫും എബിവിപിയും ആസൂത്രിതമായി കള്ളപ്രചാരണം നടത്തിയിരുന്നു. ഇതിനെയെല്ലാം അതിജീവിച്ചാണ്‌ തിളക്കമാർന്ന വിജയം. തൃശൂർ സെന്റ്‌ തോമസ് കോളേജിൽ 17 വർഷത്തിന് ശേഷം മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. കേരളവർമ കോളേജ്‌, ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌, തൃശൂർ സെന്റ്‌ അലോഷ്യസ്‌, ചാലക്കുടി പനന്പിള്ളി, കുന്നംകുളം വിവേകാനന്ദ, വടക്കാഞ്ചേരി വ്യാസ, കൊടുങ്ങല്ലൂർ കെകെടിഎം, പി. വെമ്പല്ലൂർ എംഇഎസ്‌ അസ്‌മാബി, ഒല്ലൂർ ഗവ. കോളേജ്‌, കുട്ടനെല്ലൂർ ഗവ. കോളേജ്‌, ചേലക്കര ഗവ.കോളേജ്‌, ഇരിങ്ങാലക്കുട തരണനല്ലൂർ, പെരുവല്ലൂർ മദർ, പാവറട്ടി സെന്റ്‌ ജോസഫ്‌, പുഴയ്‌ക്കൽ ഷോൺസ്റ്റാറ്റ്, അക്കിക്കാവ്‌ എംഒസി, നാട്ടിക എസ്‌എൻ ഗുരു, വഴുക്കുംപാറ എസ്‌എൻ എന്നീ കോളേജുകളിൽ മുഴുവൻ സീറ്റും ലഭിച്ചു. ഗുരുവായൂർ ശ്രീകൃഷ്ണ, നാട്ടിക എസ്എൻ, മാള എയിം ലോകോളേജ്‌ എന്നിവിടങ്ങളിൽ ഒരു സീറ്റൊഴികെ മറ്റെല്ലാംനേടി. തൃശൂർ ലോകോളേജിൽ തുല്യ നിലയിലാണ്‌. ഐസിഎ തൊഴിയൂരിലും പഴയന്നൂർ ഐഎച്ച്‌ആർഡിയിലും കെഎസ്‌യു സംഖ്യം നേടി. പഴഞ്ഞി എംഡി കോളേജ്‌ തെരഞ്ഞെടുപ്പ്‌ സ്‌റ്റേ ചെയ്‌തിരിക്കയാണ്‌. ജോൺ മത്തായി സെന്ററിൽ 28നാണ്‌ തെരഞ്ഞെടുപ്പ്‌. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്‌ കലാലയങ്ങളിൽ പ്രകടനം നടന്നു. എസ്‌എഫ്ഐക്ക്‌ മിന്നും വിജയം സമ്മാനിച്ച വിദ്യാർഥി സമൂഹത്തെ ജില്ലാ പ്രസിഡന്റ്‌ അനസ്‌ ജോസഫ്‌, സെക്രട്ടറി ടി അഭിജിത്‌ എന്നിവർ അഭിവാദ്യം ചെയ്‌തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home