സെന്‍സസ് ഡ്യൂട്ടിക്ക് പിന്നാലെ മഴ അവധികളും
ഓണപ്പരീക്ഷയെത്തി, പാഠം തീർന്നില്ല

ജിബിന സാഗരന്‍
Published on Aug 06, 2026, 12:32 AM | 2 min read
തൃശൂര്‍
സെന്‍സസ് ഡ്യൂട്ടിക്ക് പിന്നാലെ മഴ അവധികള്‍, ഓണപ്പരീക്ഷയ്ക്കുള്ള പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കാനാവാതെ കടുത്ത സമ്മര്‍ദത്തിലായി അധ്യാപകര്‍. ജൂലൈ ഒന്നുമുതല്‍ 31വരെ ജില്ലയിലെ എഴുപതുശതമാനം അധ്യാപകരും സെന്‍സസ് ഡ്യൂട്ടിയിലായിരുന്നു. ഇതിന്റെ ഭാഗമായി ഒരു അധ്യാപകന്‍ ഒരു മാസത്തിനുള്ളില്‍ 150 മുതല്‍ 400വരെ വീടുകളിലെത്തി വിവരം ശേഖരിക്കേണ്ടിവന്നു. ഭൂരിഭാഗം അധ്യാപകരും സ്കൂളിലെ ഡ്യൂട്ടിയില്‍ നിന്ന് ഇളവെടുത്താണ് സെന്‍സസ് ഡ്യൂട്ടി നിര്‍വഹിച്ചത്. ഇതോടെ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാന്‍ അധ്യാപകര്‍ക്ക് കഴിയാതെയായി. സെന്‍സസ് ഡ്യൂട്ടിക്കുശേഷം തിടുക്കത്തിലെങ്കിലും പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കാമെന്ന പ്രതീക്ഷയിലായിരുന്നു അധ്യാപകര്‍. എന്നാല്‍, ഇതിനെ തകിടം മറിച്ചാണ് മഴ അവധികള്‍ പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിലൊന്നും ഭൂരിഭാഗം സ്കൂളുകളും ഓണ്‍ലൈ ന്‍ ക്ലാസുകള്‍ നടത്തുന്നതിനുള്ള ക്രമീകരണം നടത്തിയിട്ടില്ല. 12ന് ഓണപ്പരീക്ഷകള്‍ ആരംഭിക്കും. ഇതിനിടെ എത്ര ശ്രമിച്ചാലും ഓണപ്പരീക്ഷയ്ക്കുള്ള പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ക്കാന്‍ അധ്യാപകര്‍ക്കാവില്ല. പഠിപ്പിക്കാത്ത ഭാഗങ്ങളില്‍ നിന്ന് ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നാല്‍, കുട്ടികളെയത് പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയും അധ്യാപകര്‍ക്കുണ്ട്. 8, 9, 10 തീയതികളിലാണ് കെ ടെറ്റ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. സ്ഥാനക്കയറ്റം ലഭിക്കാന്‍ കെ ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കിയതോടെ വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കിയുള്ള അധ്യാപകര്‍ പോലും പരീക്ഷയെഴുതാന്‍ ഒരുങ്ങുകയാണ്. ഭൂരിഭാഗം വിദ്യാലയങ്ങളിലെയും അധ്യാപകര്‍ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നുണ്ട്. ഇതും ഓണപ്പരീക്ഷയ്ക്കുള്ള പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുന്നതിന് തടസ്സമാകും. സെന്‍സസ് ഡ്യൂട്ടിക്കും മഴ അവധിക്കും കെ ടെറ്റ് പരീക്ഷയ്ക്കുമിടയില്‍ എങ്ങനെ ഓണപ്പരീക്ഷയ്ക്കുള്ള പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കുമെന്ന ആശങ്കയിലാണ് അധ്യാപകര്‍. ആശങ്കയിലായി രക്ഷിതാക്കളും കുട്ടികളും പാഠം തീരാതെ ഓണപ്പരീക്ഷയെങ്ങനെ എഴുതുമെന്ന കടുത്ത ആശങ്കയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും. പഠിപ്പിക്കാത്ത ഭാഗങ്ങളില്‍ നിന്ന് ചോദ്യങ്ങളെത്തിയാല്‍ എങ്ങനെ പരീക്ഷയെഴുതുമെന്നാണ് വിദ്യാര്‍ഥികളുടെ ചോദ്യം. സെന്‍സസ് ഡ്യൂട്ടി, തുടര്‍ച്ചയായി മഴ അവധികള്‍ നല്‍കുമ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുനുള്ള തയ്യാറെടുപ്പുകള്‍ വിദ്യാഭ്യാസ വകുപ്പ് മുന്‍കൈയെടുത്ത് നടത്തണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു. ബുധനാഴ്ച യെല്ലോ അലര്‍ട്ട് ആയിരിക്കെ, ചിലയിടങ്ങളില്‍ വെള്ളക്കെട്ടുണ്ടെന്നതിനാല്‍ എല്ലാ സ്കൂളുകള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കലക്ടര്‍ അവധി പ്രഖ്യാപിച്ച ഫെയ്സ്ബുക്ക് പോസ്റ്റിനടിയില്‍ ഇത്തരം പ്രതിഷേധങ്ങളും രക്ഷിതാക്കള്‍ രേഖപ്പെടുത്തുന്നുണ്ട്. കുട്ടികള്‍ക്ക് പരീക്ഷയാണ് വരുന്നതെന്നും അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നുമാണ് ഇവരുടെ അപേക്ഷ.









0 comments