റവന്യൂ ജില്ലാ സ്കൂൾ കായികമേള; നാളെ ട്രാക്കുണരും

സംസ്ഥാന സ്കൂൾ ഗെയിംസിൽ 71 കിലോഗ്രാം ഭാരോദ്വഹന മത്സരത്തിൽ സ്വർണ മെഡൽ നേടിയ കുന്നംകുളം ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി വി യു ആൽവിനെ എ സി മൊയ്തീൻ എംഎൽഎ ആദരിക്കുന്നു
കുന്നംകുളം
തൃശൂർ റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയ്‌ക്ക് ബുധനാഴ്ച കുന്നംകുളത്ത് തുടക്കമാകും. 7, 8, 9, 10 തീയതികളിലായി കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ സീനിയർ ഗ്രൗണ്ടിലാണ് മേള നടക്കുക. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ എ സി മൊയ്തീൻ എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ-പെൺ വിഭാഗങ്ങളിൽ 98 ഇനങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന മത്സരങ്ങളിൽ 3,668 കായികതാരങ്ങൾ പങ്കെടുക്കും. ഇതിനുപുറമേ സീനിയർ വിഭാഗത്തിൽ രണ്ട് ക്രോസ് കൺട്രി മത്സരങ്ങളും ഭിന്നശേഷി വിദ്യാർഥികൾക്കായി ഇൻക്ലൂസീവ് സ്പോർട്ട്സ് മത്സരങ്ങളും സംഘടിപ്പിക്കും. പ്രതിദിനം ആയിരത്തോളം താരങ്ങൾ മാറ്റുരയ്ക്കുന്ന മേളയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും ഭക്ഷണസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ ഏഴിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് കായികമേള ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ഉപഡയറക്ടർ ടി ഷൈല പതാകയുയർത്തും. കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലൻ അധ്യക്ഷയാകും. സമാപന സമ്മേളനം എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ് ചെയർമാൻ പി ജി ജയപ്രകാശ് അധ്യക്ഷനാകും. തൃശൂരിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ മുഴുവൻ സുരക്ഷാ പരിശോധനകളും അടുത്ത ദിവസം പൂർത്തിയാക്കുമെന്ന് എംഎൽഎ അറിയിച്ചു. ഗ്രൗണ്ടിലെ ടോയ്‌ലറ്റുകളുടെ അപര്യാപ്തത പരിഹരിക്കാൻ നഗരസഭ ഈ ടോയ്‌ലറ്റുകൾ സ്ഥാപിക്കും. സംസ്ഥാന സ്കൂൾ ഗെയിംസിൽ 71 കിലോഗ്രാം ഭാരോദ്വഹന മത്സരത്തിൽ സ്വർണ മെഡൽ നേടിയ കുന്നംകുളം ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി വി യു ആൽവിനെ വാർത്താസമ്മേളനത്തിൽ ആദരിച്ചു. എ സി മൊയ്തീൻ എംഎൽഎ ഉപഹാരം നൽകി. കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലൻ, തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ടി ഷൈല, ചാവക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്റ്റിവി, പബ്ലിസിറ്റി ചെയർമാൻ ശ്രീജിത്ത് ആവേൻ, കൺവീനർ പി എം സിജോ, ജില്ലാ സ്‌പോർട്സ് കോ-– ഓർഡിനേറ്റർ കെ ഷാജി എന്നിവർ സംസാരിച്ചു.









0 comments