print edition ബ്രസീൽ രണ്ടാംവട്ട വോട്ടെടുപ്പിലേക്ക്

ബ്രസീലിയ: ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാംവട്ട വോട്ടെടുപ്പിൽ തീവ്ര വലതുപക്ഷ ലിബറൽ പാർടി സ്ഥാനാർഥി ഫ്ലാവിയോ ബോൾസനാരോയ്ക്ക് നേരിയ മുൻതൂക്കം. എന്നാൽ വോട്ടെണ്ണലിന്റെ തുടക്കത്തിൽ ബോൾസനാരോയ്ക്കുണ്ടായിരുന്ന എട്ട് പോയിന്റിലധികം ലീഡ്, വടക്കുകിഴക്കൻ പ്രവിശ്യകളിലെ മുന്നേറ്റത്തിലൂടെ കുറച്ച് ഇടതുപക്ഷ നേതാവും നിലവിലെ പ്രസിഡന്റുമായ ലൂയിസ് ഇനാസിയോ ലുല ഡ സിൽവ പോരാട്ടം ശക്തമാക്കി.
ഫ്ലാവിയോ ബോൾസനാരോ 47.03 ശതമാനം വോട്ട് (5,61,04,422 വോട്ടുകൾ) നേടി ഒന്നാമതെത്തി. ലുല ഡ സിൽവ 45.16 ശതമാനം നേടി (5,38,78,385 വോട്ടുകൾ) തൊട്ടുപിന്നിലുണ്ട്. സ്ഥാനാർഥികൾക്ക് കേവല ഭൂരിപക്ഷത്തിന് വേണ്ട 50 ശതമാനത്തിലധികം വോട്ടു നേടാനാകാത്തതിനെത്തുടർന്ന് 25-ന് രണ്ടാംവട്ട വോട്ടെടുപ്പ് നടക്കും.
വിദേശത്ത് വോട്ട് രേഖപ്പെടുത്തിയ ബ്രസീൽ പൗരന്മാരിൽ ചൈന, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലുള്ളവർ ലുലയെയും യുഎഇ, ഫിലിപ്പീൻസ്, തായ്‌ലൻഡ് എന്നിവിടങ്ങളിലുള്ളവർ ബോൾസനാരോയെയും പിന്തുണച്ചു.
ഫലം പ്രതീക്ഷിക്കാത്തതാണെന്ന് വ്യക്തമാക്കിയ ലുല, 25-ലെ രണ്ടാംവട്ട വോട്ടെടുപ്പിനായി പുതിയ പ്രചാരണ രീതികളിലേക്ക് കടക്കുകയാണെന്ന് പ്രഖ്യാപിച്ചു. വോട്ട് രേഖപ്പെടുത്താതിരുന്ന 21 ശതമാനം ജനങ്ങളോട് രാജ്യത്തിന്റെ ഭാവിക്കായി രണ്ടാംവട്ടത്തിൽ വോട്ട് ചെയ്യാൻ അദ്ദേഹം അഭ്യർത്ഥിച്ചു.
രണ്ടാംവട്ടത്തിൽ ചെറുപാർട്ടികളുടെ വോട്ടുകൾ നിർണായകമാകും.









0 comments