print edition കമ്മീഷണർമാർ നിലപാടിലുറച്ചാൽ ഗ്യാനേഷ് കുടുങ്ങും

ന്യൂഡൽഹി: എസ്‌ഐആർ നടപടികളിൽ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ ഏകപക്ഷീയ തീരുമാനങ്ങളോട് വിയോജിച്ചിരുന്നുവെന്ന് രണ്ട് കമീഷണർമാരും സാക്ഷ്യപ്പെടുത്തിയാൽ ഗ്യാനേഷിന് പദവിയിൽ തുടരാനാകില്ല. സുപ്രീംകോടതിക്ക് നൽകേണ്ട മറുപടിയിലാണ് തീരുമാനങ്ങൾക്ക് ഭൂരിപക്ഷമുണ്ടായിരുന്നോയെന്ന് കമീഷണർമാർ വ്യക്തമാക്കേണ്ടത്. കോടതി യോഗവിവരം ആവശ്യപ്പെട്ടാൽ നൽകേണ്ടി വന്നേക്കാം. ഫോം 6ൽ വരുത്തിയ മാറ്റമാണ് ഇതിൽ പ്രധാനം.
രണ്ടുകമീഷണർമാരും ഇത് നിയമവിരുദ്ധമാണെന്ന് വാദിച്ചെന്നാണ് മാധ്യമ റിപ്പോർട്ടിലൂടെ വെളിപ്പെട്ടത്. എല്ലാ തീരുമാനങ്ങളും ഐക്യകണ്‌ഠേനയോ ഭൂരിപക്ഷാടിസ്ഥാനത്തിലോ ആയിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന കമീഷൻ നിയമത്തിലെ സെക്ഷൻ 18ന്റെ ലംഘനം, ഇലക്ടറൽ റോൾ ഡേറ്റയുടെ കേന്ദ്രീകരണം, യോഗ്യരായ വോട്ടർമാർ പട്ടികയിൽ ഉൾപ്പെടാതിരിക്കാൻ സോഫ്റ്റ്-വെയറിൽ വരുത്തിയ മാറ്റം, കൂട്ടപ്പുറത്താക്കൽ എന്നിവയിൽ കമീഷണർമാർ ഗ്യാനേഷിനോട് വിയോജിച്ചിരുന്നു. ചട്ടങ്ങളിൽ ഭേദഗതി വരുത്താതെ ഏകപക്ഷീയ തീരുമാനങ്ങൾ എടുത്തെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിക്ക് നൽകിയ അസാധാരണ കത്തിൽ ഇരുവരും പറഞ്ഞിരുന്നു.
ഇത് കോടതിയിൽ സാക്ഷ്യപ്പെടുത്തിയാൽ ഗ്യാനേഷ് കുടുങ്ങും.
ഭരണഘടനപ്രകാരം മുഖ്യതെരഞ്ഞെടുപ്പ് കമീഷണറെ സസ്‌പെൻഡ് ചെയ്യാൻ കോടതിക്ക് അധികാരമില്ല. അനുച്ഛേദം 32, 142 എന്നിവ പ്രകാരം ജുഡീഷ്യൽ റിവ്യൂവിലൂടെ ചട്ടവിരുദ്ധമായി എസ്‌ഐആറിലെടുത്ത തീരുമാനങ്ങൾ റദ്ദാക്കാം.
ചട്ടപ്രകാരം തീരുമാനം ഉറപ്പാക്കുന്ന ഉത്തരവ് നൽകാം. രാജിവച്ചില്ലെങ്കിൽ സുപ്രീംകോടതി ജഡ്‌ജിക്ക് തുല്യമായ ഇംപീച്ച്‌മെന്റ് നടപടിയിലൂടെയേ ഗ്യാനേഷിനെ നീക്കാൻ വ്യവസ്ഥയുള്ളൂ. പദവി അവസാനിച്ചാലും പ്രോസിക്യൂഷനിൽനിന്ന് സംരക്ഷണം നൽകുന്ന വ്യവസ്ഥ കോടതിക്ക് റദ്ദാക്കാം. ഗ്യാനേഷിനെ പ്രോസിക്യൂഷന് വിധേയാനാക്കാനും അനുമതി നൽകാം.









0 comments