മന്ത്രി പോയതിന് പിന്നാലെ അപകടം
വന്യജീവി വാരാഘോഷം ഉദ്ഘാടനപ്പന്തൽ തകർന്നു

വന്യജീവിവാരാഘോഷ സംസ്ഥാനതല ഉദ്ഘാടനത്തിന് തേക്കടി ആനവച്ചാൽ പാർക്കിങ് ഗ്രൗണ്ടിൽ തയ്യാറാക്കിയ പന്തൽ തകർന്നനിലയിൽ

സ്വന്തം ലേഖകൻ
Published on Oct 06, 2026, 01:47 AM | 1 min read
കുമളി
തേക്കടിയിൽ വന്യജീവി വാരാഘോഷ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ വേദി തകർന്ന് പൊലീസുകാർ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്. പരിപാടി സമാപിച്ച് മന്ത്രിയും എംഎൽഎയും മറ്റുള്ളവരും പോയ ശേഷം വേദി തകർന്നതിനാൽ വലിയ ദുരന്തം ഉണ്ടായില്ല.
വേദി അഴിച്ചുമാറ്റുന്നതിനിടെയാണ് അപകടം എന്ന് സംശയിക്കുന്നു. വൻ സുരക്ഷാവീഴ്‌ചയാണെന്നും ആരോപണമുയർന്നു. തിങ്കളാഴ്ചയായിരുന്നു തേക്കടി ആനവച്ചാൽ പാർക്കിങ് ഗ്രൗണ്ടിൽ തയ്യാറാക്കിയ താൽക്കാലിക വേദിയിൽ വന്യജീവി വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനംനടന്നത്. വനം മന്ത്രി ബേബി ജോൺ ആയിരുന്നു ഉദ്ഘാടകൻ. 12.30ന് പരിപാടി സമാപിച്ചു. 1.45ന് വേദിയും സദസും ഉൾപ്പെടെ പൂർണമായും നിലംപൊത്തുകയായിരുന്നു. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പൊലീസുകാരൻ സുഭാഷ് ബാലൻ(40), ഇടുക്കി എആർ ക്യാമ്പിലെ പൊലീസുകാരായ അനിൽ പ്രസാദ്, ധനേഷ്, അജേഷ് എന്നിവർക്കും സൗണ്ട് സിസ്റ്റത്തിലെ ജീവനക്കാരൻ കുമളി കൊല്ലംപട്ടട സജി തങ്കപ്പൻ(46) എന്നിവർക്കുമാണ് പരിക്കേറ്റത്. ടിൻഷീറ്റ് തലയിൽപതിച്ചാണ് പലർക്കും ആഴത്തിൽ മുറിവേറ്റത്. പരിക്കേറ്റവരെ കുമളി, കട്ടപ്പന എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വേദിയിലുണ്ടായിരുന്ന എൽഇഡി വാൾ അഴിച്ചുമാറ്റുകയായിരുന്നു സജി തങ്കപ്പൻ.
500 ഓളം പേർ പന്തലിൽ ഉണ്ടായിരുന്നു. ഇവരെല്ലാം ഭക്ഷണം കഴിക്കുന്നതിന് പോയതിനാൽ വൻദുരന്തമാണ് ഒഴിവായത്. ഇരുമ്പ് പൈപ്പുകളും, കമ്പിയും, തകിട് ഷീറ്റും ഉപയോഗിച്ചാണ് പന്തൽ നിർമിച്ചിരുന്നത്. കുമളി പൊലീസ് അന്വേഷണം ആരംഭിച്ചു.









0 comments