പറവൂർ നഗരസഭ
കൗൺസിലർക്കെതിരെ ഭീഷണി: കൗൺസിൽ യോഗം ബഹിഷ്‌കരിച്ച് എൽഡിഎഫ്

കൗൺസിൽ യോഗം ബഹിഷ്കരിച്ച എൽഡിഎഫ് കൗൺസിലർമാർ നഗരസഭാ കവാടത്തിൽ പ്രതിഷേധിക്കുന്നു
പറവൂർ
ഓണാഘോഷങ്ങൾക്ക് നഗരസഭയുടെ ഉടമസ്ഥതയിലുള്ള ടൗൺഹാൾ നഗരസഭ ഉപാധ്യക്ഷ വാടകയടയ്‌ക്കാതെ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കൗൺസിലിൽ നടന്ന ചർച്ചകൾ പുറത്തുള്ളയാൾക്ക് ചോർത്തിയെന്നാരോപിച്ച് എൽഡിഎഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ചു.
വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ ജി ഹരിദാസൻ മുമ്പുചേർന്ന കൗൺസിൽ യോഗത്തിൽ ഉപാധ്യക്ഷ ലൈജി ബിജുവിനെതിരെ വിമർശം ഉന്നയിച്ചിരുന്നു. യോഗം കഴിഞ്ഞശേഷം ഒരു ഓൺലൈൻ മാധ്യമപ്രവർത്തകൻ ഹരിദാസനെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വിഷയത്തിൽ നഗരസഭാ അധ്യക്ഷൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് എൽഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയത്. തുടർന്ന് ഹരിദാസൻ പൊലീസിൽ പരാതി നൽകണമെന്ന് കൗൺസിൽ യോഗം തീരുമാനിച്ചു.
നഗരസഭാ പരിധിയിലുള്ള താലൂക്കാശുപത്രി, വെൽനെസ് സെന്ററുകൾ, വയോമിത്രം തുടങ്ങിയയിടങ്ങളിൽ മരുന്നുകളില്ലാതെ ജനം വലയുന്നതും എൽഡിഎഫ് അംഗങ്ങൾ കൗൺസിൽ യോഗത്തിൽ ഉന്നയിച്ചു. നഗരസഭയുടെ സഞ്ചരിക്കുന്ന ആശുപത്രിയിലും മരുന്നുക്ഷാമമുണ്ട്. തെരുവുനായശല്യം രൂക്ഷമായിട്ടും നഗരസഭ നിഷ്‌ക്രിയമാണ്. വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് നടപടിയില്ലെന്നും കൗൺസിൽ യോഗത്തിന്റെ മിനിറ്റ്സ് മാസങ്ങൾക്കുശേഷമാണ് കൗൺസിലർമാർക്ക് നൽകുന്നതെന്നും എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു. നഗരസഭാ കവാടത്തിൽ നടന്ന പ്രതിഷേധത്തിൽ പ്രതിപക്ഷനേതാവ് സി എ രാജീവ്, കെ രാമചന്ദ്രൻ, കെ ജി ഹരിദാസൻ, ജയ ദേവാനന്ദൻ എന്നിവർ സംസാരിച്ചു.









0 comments