കുസാറ്റിൽ ചിക്കൻപോക്സ് പടരുന്നു; ക്ലാസുകൾ ഓൺലൈനിൽ

കളമശേരി
കുസാറ്റ് ഹോസ്റ്റലുകളിൽ പനിയും ചിക്കൻപോക്സും പടരുന്നു. ബിടെക് വിദ്യാർഥികൾ താമസിക്കുന്ന സഹാറ ഹോസ്റ്റലിൽ ഞായറാഴ്ച മാത്രം 20 പേർക്ക് രോഗം സ്ഥിരീകരിച്ചതായി അധികൃതർ പറഞ്ഞു. ക്ലാസുകൾ അടച്ച് ചൊവ്വമുതൽ ശനിവരെ ഓൺലൈനിലേക്ക് മാറ്റി. ക്യാമ്പസിലെ അളകനന്ദ ഹോസ്റ്റലിലും സമീപത്തെ സ്വകാര്യ ഹോസ്റ്റലുകളിലും രോഗം പടരുന്നു.
ഒന്നാംവർഷ വിദ്യാർഥികൾ ഒഴികെയുള്ളവർക്ക് തിങ്കൾമുതൽ ഇന്റേണൽ പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നു. പനി വ്യാപിച്ച സാഹചര്യത്തിൽ പരീക്ഷകൾ ഉൾപ്പെടെയുള്ള അക്കാദമിക് പ്രവർത്തനങ്ങളിൽ മാറ്റംവരുത്തി. സംസ്ഥാനത്ത് പനിയില്ലെന്ന് ആരോഗ്യമന്ത്രി പറയുമ്പോഴാണ് പനി പടർന്നു ഒരു കലാലയംതന്നെ അവധി നൽകിയിരിക്കുന്നത്.
ഹോസ്റ്റലുകളിൽ നിരവധി വിദ്യാർഥികൾക്ക് എച്ച് വൺ എൻ വൺ പനി സ്ഥിരീകരിച്ചതായും വിവരമുണ്ട്. ഒരാഴ്ചത്തേക്കാണ് ഓൺലൈൻ ക്ലാസുകൾ നടത്തുന്നത്. ഹോസ്റ്റലുകളിലെ വിദ്യാർഥികളുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച് പ്രതിരോധനടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.









0 comments