കുടിവെള്ളക്ഷാമം: സിപിഐ എം റോഡ് ഉപരോധിച്ചു

കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം വടുതല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടുതല പള്ളിക്കുസമീപം റോഡ് ഉപരോധിക്കുന്നു
കൊച്ചി
വടുതലയിലെ വിവിധ പ്രദേശങ്ങളിൽ രണ്ടുമാസമായി തുടരുന്ന അതിരൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം വടുതല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടുതല പള്ളിക്കുസമീപം കാലിക്കുടവുമായി ചിറ്റൂർ റോഡ് ഉപരോധിച്ചു.
രണ്ടുമാസത്തിലധികമായി തുടരുന്ന കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ വാട്ടർ അതോറിറ്റിക്ക് നൽകിയിട്ടും നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. വടുതല മൂളിക്കണ്ടം കവലയിൽനിന്ന് പ്രതിഷേധിച്ച് പ്രകടനമായെത്തിയായിരുന്നു ഉപരോധം.
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ വി മനോജ് ഉദ്ഘാടനം ചെയ്തു. സി എ ഫ്രാൻസിസ് അധ്യക്ഷനായി. കലക്ടറുടെ നിർദേശപ്രകാരം കണയന്നൂർ തഹസിൽദാർ പ്രീതി എൻ ജോസ് ഉപരോധസ്ഥലത്തെത്തി ചർച്ച നടത്തി.
ഒരാഴ്ചയ്‌ക്കകം കുടിവെള്ളക്ഷാമം പരിഹരിക്കുമെന്നും അടിയന്തരഘട്ടങ്ങളിൽ ടാങ്കർലോറിയിൽ വെള്ളം എത്തിക്കാമെന്നും ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ചു. സിപിഐ എം വടുതല ലോക്കൽ സെക്രട്ടറി എം എം ജിനീഷ്, കെ സുധീഷ്, സാബു ഫ്രാൻസിസ്, സി എക്സ് ആന്റണി, ഡിവൈഎഫ്ഐ വടുതല മേഖലാ പ്രസിഡന്റ് സ്വാതി ഘോഷ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.








0 comments