ഇടിമിന്നലിൽ വീടുകൾക്ക് നാശനഷ്ടം

പാലായിക്കുന്ന് അമ്പാട്ടുവീട്ടിൽ സാറാമ്മയുടെ വീട്ടിലെ കാർ ഷെഡ്ഡിനോടുചേർന്ന തറ മിന്നലിന്റെ ആഘാതത്തിൽ തകർന്ന് സമീപത്തെ വീടിന്റെ മേൽക്കൂരയിൽ ചിതറിത്തെറിച്ച നിലയിൽ
പെരുമ്പാവൂർ
വെങ്ങോല പഞ്ചായത്ത് പാലായിക്കുന്ന് പ്രദേശത്ത് ഇടിമിന്നലിൽ പത്തോളം വീടുകൾക്ക് നാശനഷ്ടം. ഞായർ രാത്രി 12ന് ആണ് സംഭവം. പാലായിക്കുന്ന് അമ്പാട്ടുവീട്ടിൽ സാറാമ്മയുടെ വീടിന്റെ ഭിത്തിയിൽ പൊട്ടൽ ഉണ്ടാകുകയും കാർഷെഡ്ഡിനോടുചേർന്ന തറ മിന്നലിന്റെ ആഘാതത്തിൽ ചിതറിത്തെറിക്കുകയും ചെയ്തു. വീട്ടിലെ വയറിങ്ങും വൈദ്യുതി ഉപകരണങ്ങളും പൂർണമായും കത്തിനശിച്ചു.
പേരക്കുട്ടി അക്ഷരയുടെ കൈകൾക്ക് ചെറുതായി പൊള്ളലേറ്റു.
തറയിൽനിന്ന് ഇളകിത്തെറിച്ച കല്ലും മണ്ണും സമീപവീടിന്റെ മേൽക്കൂരയുടെ മുകൾഭാഗംവരെയെത്തി. പോക്കയിൽ എൽദോ, തെക്കേക്കുറ്റയിൽ ഫിലിപ്പോസ്, മുരിങ്ങത്തറ ദാസൻ, അറയ്ക്കക്കുടി സിബി, ആനപ്പം തടത്തിൽ ശിവൻ, കണ്ണാട്ടുമഠം വിനീത, കണ്ണിമോളത്ത് ശശി, അനിൽകുമാർ, കെ കെ തമ്പി, മഹേഷ്, മനോജ്, കളരിക്കൽ അശോകൻ എന്നിവരുടെ വീടുകളിലാണ് നാശനഷ്ടമുണ്ടായത്.
ഫാൻ, എസി, ഫ്രിഡ്ജ്, ഇൻവർട്ടർ തുടങ്ങി ഗൃഹോപകരണങ്ങളെല്ലാം കത്തിനശിച്ചു. നാശനഷ്ടം സംഭവിച്ചവർക്ക് പ്രകൃതിദുരന്തത്തിൽപ്പെടുത്തി സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് വാർഡ് മെമ്പർ ബേസിൽ കുര്യാക്കോസ് ആവശ്യപ്പെട്ടു.
നഷ്ടപരിഹാരത്തിനായി കുടുംബങ്ങൾ വെങ്ങോല വില്ലേജ് ഓഫീസർവഴി പ്രത്യേക അപേക്ഷയും സമർപ്പിച്ചു.
മാഞ്ഞാലി ജുമാ മസ്ജിദിന്റെ മിനാരം
മിന്നലിൽ തകർന്ന നിലയിൽ
മാഞ്ഞാലി ജുമാ മസ്ജിദിന്റെ മിനാരം മിന്നലിൽ തകർന്നു
പറവൂർ
ഞായർ അർധരാത്രിയുണ്ടായ ശക്തമായ മിന്നലിൽ മാഞ്ഞാലി മഹല്ല് ജുമാ മസ്ജിദിൽ കനത്ത നാശനഷ്ടം. പള്ളിയുടെ മിനാരത്തിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു.
നിർമാണസമയത്ത് മിനാരത്തിനുള്ളിൽ അവശേഷിച്ച തട്ടുപലകയുടെ അവശിഷ്ടങ്ങൾക്ക് തീപിടിച്ചു. പള്ളിക്കുള്ളിലെ കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ, സിസിടിവി കാമറകൾ, സീലിങ് ഫാനുകൾ, ഇലക്ട്രിക് സ്വിച്ചുകൾ എന്നിവ കത്തിനശിച്ചു. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.








0 comments