Deshabhimani

നളിൻ ബാബുവിന്‌ രാഷ്ട്രപതിയുടെ ആദരം

രാഷ്‌ട്രപതി ഭവനിൽ ചിത്രം വരച്ചതിന്  രാഷ്‌ട്രപതി ദ്രൗപദി മുർമു എം നളിൻബാബുവിനെ ആദരിക്കുന്നു

രാഷ്‌ട്രപതി ഭവനിൽ ചിത്രം വരച്ചതിന് രാഷ്‌ട്രപതി ദ്രൗപദി മുർമു എം നളിൻബാബുവിനെ ആദരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 13, 2026, 12:09 AM | 1 min read

മണലൂർ

ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ ആദരവ്‌ ഏറ്റുവാങ്ങി ചുവർച്ചിത്രകലാകാൻ എം നളിൻ ബാബുവും ശിഷ്യന്മാരും. രാഷ്‌ട്രപതി ഭവനിൽ ചിത്രം വരച്ചതിനാണ് ഉപഹാരവും പൊന്നാടയും നൽകി രാഷ്‌ട്രപതി ദ്രൗപദി മുർമു ആദരിച്ചത്. ​രാഷ്ട്രപതി ഭവനിലെ കൾച്ചറൽ സെന്ററിന്റെ ചുവരിൽ സെപ്‌തംബർ 20 മുതൽ ഒക്ടോബർ അഞ്ചുവരെ നടന്ന ദേശീയ നാഷണൽ ട്രഡീഷണൽ വർക്ക് ഷോപ്പിലാണ്‌ 15 ദിവസംകൊണ്ട്‌ നളിൻ ബാബുവിന്റെ നേതൃത്വത്തിൽ ശിഷ്യൻമാരായ സൂരജ് രാജനും ജയൻ അക്കിക്കാവും ചേർന്ന് അക്രിലിക് നിറങ്ങളിൽ ചിത്രം വരച്ചത്. ഏഴടി ഉയരവും അഞ്ചടി നീളവും വരുന്ന ചിത്രം ക്യാൻവാസ് ബോർഡിൽ കേരളീയ ചുവർച്ചിത്രശൈലിയിലാണ്‌ വരച്ചിട്ടുള്ളത്‌. എയർഫോഴ്സ്, നേവി, ആർമി എന്നീ ഇന്ത്യൻ സൈനിക വിഭാഗങ്ങൾ, പട്ടാളക്കാരുടെ ജീവിതം, രാഷ്ട്ര സേവനം, യുദ്ധവിമാനമായ ബ്രഹ്‌മോസ്, തേജസ്, റോബോട്ട് ഡോഗ്, ഐ എൻ എസ് വിക്രാന്ത് കപ്പൽ, അഗ്നി വിക്ഷേപിക്കുന്നത്, ഹെലികോപ്റ്ററിൽനിന്ന്‌ കയറിൽ ജവാൻ ഇറങ്ങുന്നത്, പർവതങ്ങളിലെ പട്ടാളക്കാരുടെ യുദ്ധ സന്നാഹങ്ങൾ, മാതൃത്വം തുടങ്ങിയവ ചിത്രത്തിൽ വർണിച്ചിട്ടുണ്ട്. സേനശക്തി എന്ന നൂതന വിഷയം കേരളീയ ചുവർച്ചിത്രശൈലിയിൽ വരയ്‌ക്കുന്നത് ആദ്യമായാണെന്ന് എം നളിൻബാബു പറഞ്ഞു. രാജസ്ഥാൻ, ബിഹാർ, മധ്യപ്രദേശ്, തെലുങ്കാന, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന്‌ പടചിത്ര, മധുബനി, ചെറിയാൽ, ഗോണ്ട് തുടങ്ങിയ ചിത്രകാരൻമാരും ചിത്രകാരികളും ഈ രചനാ ക്യാമ്പിൽ ഇവരോടൊപ്പം പങ്കെടുത്തിരുന്നു. മാർച്ചിൽ രാഷ്ട്രപതി ഭവനിൽ പഞ്ചതന്ത്രം കഥ ചുവർച്ചിത്രശൈലിയിൽ വരച്ചതിന് നളിൻ ബാബുവിനെ രാഷ്ട്രപതി ആദരിച്ചിരുന്നു. പെരുവല്ലൂരിലെ അന്തരിച്ച കവി കെ ബി മേനോന്റെ മകനാണ്‌. കൊല്ലങ്കോട് കാച്ചാംകുറിശി പെരുമാൾ മഹാവിഷ്ണു ഷേത്രത്തിലും മറ്റം കണ്ടിയൂർ മഹാവിഷ്ണു ക്ഷേത്രത്തിലും നളിൻബാബു ചുവർച്ചിത്ര രചന നടത്തിവരുന്നു. 2025ലെ സംസ്ഥാന സർക്കാരിന്റെ ക്ഷേത്ര കലാഅക്കാദമിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home