Deshabhimani

മത്തായി ചാക്കോ 
പോരാട്ടങ്ങളുടെ നായകൻ

a
വെബ് ഡെസ്ക്

Published on Oct 13, 2026, 12:58 AM | 2 min read

മത്തായി ചാക്കോ നമ്മെ വിട്ടുപിരിഞ്ഞിട്ട് 20 വർഷം പിന്നിടുകയാണ്. 2006 ഒക്ടോബർ 13നായിരുന്നു സഖാവിന്റെ വേർപാട്‌. വിദ്യാർഥി –- യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തുവന്ന മത്തായി ചാക്കോ രണ്ട്‌ പതിറ്റാണ്ടിലധികം രാഷ്ട്രീയരംഗത്ത് സജീവമായിരുന്നു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായിരിക്കെയാണ്‌ അന്തരിച്ചത്. ക്യാമ്പസുകളിൽ പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിന്റെ ശക്തമായ മുന്നേറ്റത്തിന്‌ സാക്ഷ്യംവഹിച്ച 1980കളിൽ ചാക്കോ എസ്എഫ്ഐ നേതാവെന്ന നിലയിൽ ശ്രദ്ധേയനായി. യുവജന പ്രസ്ഥാനത്തിന്റെ നേതാവായിരിക്കുമ്പോഴും നിരവധി പോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകി. 1986ൽ മന്ത്രിമാരെ വഴിയിൽ തടയുന്ന സമരത്തിലും കൂത്തുപറമ്പ് വെടിവയ്‌പിൽ പ്രതിഷേധിച്ച് പുതിയാപ്പയിൽ നടന്ന ലാത്തിച്ചാർജിലും കോഴിക്കോട് ഡിഐജി ഓഫീസ് മാർച്ചിനുനേരെയുണ്ടായ ലാത്തിച്ചാർജിലും പരിക്കേറ്റിരുന്നു. പലപ്പോഴായി ജയിൽവാസവുമനുഭവിച്ചു. 2001ൽ മേപ്പയൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ നിയമസഭാംഗമായി. 2006ലെ തെരഞ്ഞെടുപ്പിൽ തിരുവമ്പാടിയിൽനിന്ന്‌ വിജയിച്ചെങ്കിലും രോഗബാധിതനായതിനാൽ മണ്ഡലത്തിൽ പോകാനോ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനോ കഴിഞ്ഞില്ല. രാജ്യത്ത്‌ ജനാധിപത്യം ദുർബലമാക്കാനും വോട്ടവകാശം നിഷേധിക്കാനും ബിജെപി സർക്കാർ ശ്രമിക്കുന്ന സന്ദർഭത്തിലാണ്‌ ഇത്തവണ ചാക്കോയുടെ സ്‌മരണ പുതുക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ കമീഷനെയടക്കം ആയുധമാക്കിയുള്ള സർക്കാർ നീക്കത്തിനെതിരെ വിദ്യാർഥികളും യുവജനങ്ങളും ഇടതുപക്ഷ പിന്തുണയിൽ ഉശിരൻ സമരങ്ങൾ നടത്തുന്ന വേളയാണിത്‌. കേരളത്തിലാകട്ടെ ജനക്ഷേമവും വികസനവും അട്ടിമറിച്ച്‌ യുഡിഎഫ്‌ സർക്കാർ സംഘപരിവാര നയങ്ങളുടെ നടത്തിപ്പുകാരായിരിക്കയാണ്‌. ഇത്തരമൊരു ഘട്ടത്തിൽ ഇടതുപക്ഷ പുരോഗമനപ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നാടിന്റെ രക്ഷക്ക്‌ എല്ലാവരും സമരപഥത്തിലിറങ്ങേണ്ട സമയമാണിത്‌. മത്തായി ചാക്കോയുടെ സ്മരണ അത്തരം പ്രക്ഷോഭങ്ങൾക്ക്‌ നമുക്കെല്ലാം കരുത്തുപകരും.


എം മെഹബൂബ്

സിപിഐ എം കോഴിക്കോട് 
ജില്ലാ സെക്രട്ടറി


മത്തായി ചാക്കോ ദിനാചരണം ഇന്ന്

മുക്കം

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും എംഎൽഎയുമായിരുന്ന മത്തായി ചാക്കോയുടെ 20–-ാം ചരമവാർഷിക ദിനം ചൊവ്വാഴ്ച വിവിധ പരിപാടികളോടെ ആചരിക്കും. തിരുവമ്പാടി ഏരിയയിലെ മുഴുവൻ ബ്രാഞ്ചുകളിലും പ്രഭാതഭേരിയും പതാക ഉയർത്തലും നടക്കും. തിരുവമ്പാടിയിലെ മത്തായി ചാക്കോ സ്മൃതിമണ്ഡപത്തിൽ രാവിലെ ഏഴിന്‌ പതാക ഉയർത്തൽ, പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവയുണ്ടാകും. ജില്ലാ സെക്രട്ടറി എം മെഹബൂബ്, സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ എന്നിവർ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് പ്രകടനവും അനുസ്മരണ പൊതുസമ്മേളനവും നടക്കും. പ്രകടനം യുസി മുക്കിൽനിന്നാരംഭിച്ച്‌ ബസ് സ്റ്റാൻഡ്‌ പരിസരത്ത് സമാപിക്കും. തുടർന്ന് പൊതുസമ്മേളനത്തിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ ശിവപ്രസാദ്, സിപിഐ എം ജില്ലാ നേതാക്കൾ എന്നിവർ പങ്കെടുക്കും. മത്തായി ചാക്കോ ദിനാചരണത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച ജില്ലാതല ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും മത്തായി ചാക്കോ പഠിച്ച തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥിക്കുള്ള എൻഡോവ്മെന്റ്‌ വിതരണവുമുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home