Deshabhimani

മിൽമയിൽ 4.35 കോടിയുടെ ഉപകരണങ്ങൾ വാങ്ങുന്നു

ടെൻഡറിൽ ദുരൂഹത

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 13, 2026, 02:00 AM | 2 min read

വേണു കെ ആലത്തൂർ

പാലക്കാട്‌

മിൽമ മലബാർ മേഖലാ യൂണിയനിൽ അഡ്‌മിനിസ്‌ട്രേറ്റർ അധികാരപരിധി ലംഘിച്ച്‌ കോടികളുടെ ഉപകരണങ്ങൾ വാങ്ങുന്നതും ചുമതല നൽകുന്നതും വിവാദമാകുന്നു. ഭരണസമിതി പിരിച്ചുവിട്ടത്‌ താൽക്കാലികമായി സ്‌റ്റേ ചെയ്‌ത ഹൈക്കോടതി, സർക്കാർ നിയമിച്ച അഡ്‌മിനിസ്‌ട്രേറ്റർ നയപരമായ തീരുമാനങ്ങൾ എടുക്കരുതെന്ന ഉത്തരവ്‌ ലംഘിച്ചാണ്‌ നടപടി. മലപ്പുറം പാൽപ്പൊടി പ്ലാന്റിലേക്ക്‌ 4.35 കോടിയുടെ യന്ത്രങ്ങൾ വാങ്ങാൻ മഹാരാഷ്ട്രയിലെ സ്ഥാപനത്തിന്‌ ചുമതല നൽകിയത്‌ അഴിമതിക്കുവേണ്ടിയെന്ന സംശയവും ഉയർന്നു. ഭരണസമിതി നിലവിലില്ലാത്ത സാഹചര്യത്തിൽ, മാനേജിങ്‌ ഡയറക്ടർ അവധിയിൽപ്പോയ സമയംനോക്കി ജൂനിയറായ ഉദ്യോഗസ്ഥന്‌ എംഡിയുടെ താൽക്കാലിക ചുമതല നൽകിയാണ്‌ ടെൻഡർ നൽകിയതെന്നാണ്‌ ആരോപണം. 36 വർഷമായി മിൽമയുടെ കേസുകൾ കൈാര്യം ചെയ്യുന്ന ബി എസ്‌ കൃഷ്‌ണ അസോസിയറ്റിലെ അഡ്വ. ലത ആനന്ദിനെ മാറ്റി അഡ്‌മിനിസ്‌ട്രേറ്റർ വർക്കി ജോർജിന്റെ കേസുകൾ കൈാര്യം ചെയ്യുന്ന പി എൻ മോഹനനെ സ്റ്റാൻഡിങ്‌ ക‍ൗൺസിലായി നിയമിച്ചതിന്‌ പിന്നിലും ദുരുദ്ദേശമുണ്ടെന്നും പറയുന്നു. മാനേജിങ്‌ ഡയറക്ടറായി മുൻഗണന മറികടന്ന്‌ ടി ആർ ചന്ദ്രലാലിനെ നിയമിച്ചതും വിവാദമായി. മാനേജിങ്‌ ഡയറക്ടർ എൻ കെ പ്രേംലാൽ അവധിയായതിനാൽ പകരം പി എസ്‌ വിനോദ്‌കുമാറിന്‌ ചുമതല നൽകി. ഇദ്ദേഹം ആരോഗ്യപരമായ കാരണങ്ങളാൽ ചുമതല ഏൽക്കാൻ കഴിയില്ലെന്ന്‌ അറിയിച്ചതിനാൽ വയനാട്‌ ഡെയറി മാനേജർ ടി ആർ ചന്ദ്രലാലിന്‌ ചുമതല നൽകി. എന്നാൽ ഇദ്ദേഹത്തേക്കാൾ സീനിയറായ പാലക്കാട്‌ ഡെയറി മാനേജരും ജനറൽ മാനേജരുമായ ഗിരീഷ്‌കുമാറിനെ മറികടന്നാണ്‌ ചന്ദ്രലാലിനെ പരിഗണിച്ചത്‌. അഡ്‌മിനിസ്‌ട്രേറ്ററുടെ വഴിവിട്ട നീക്കങ്ങൾക്ക്‌ ഒത്താശ ചെയ്യാനാണ്‌ സീനിയോറിറ്റി മറികടന്നുള്ള നിയമനമെന്നും പരാതി ഉയർന്നു. മിൽമയുടെ അനുബന്ധ സ്ഥാപനമായ എംആർഡിഎഫിന്റെ മാനേജിങ്‌ ട്രസ്റ്റിയായി ബൈലോ ലംഘിച്ച്‌ അഡ്‌മിനിസ്‌ട്രേറ്റർ വർക്കി ജോർജ്‌ സ്വയം ചുമതല ഏറ്റെടുത്തു. തെരഞ്ഞെടുക്കപ്പെട്ടവർക്ക്‌ മാത്രമേ ട്രസ്‌റ്റി ആകാൻ കഴിയൂ. നിലവിൽ അഞ്ച്‌ അംഗങ്ങൾ ട്രസ്‌റ്റിലുണ്ട്‌. അവർക്ക്‌ യോഗം കൂടാൻ അനുമതി നിഷേധിച്ചാണ്‌ ചട്ടവിരുദ്ധ നടപടി.


കെ എസ്‌ മണി പരാതി നൽകി

പാലക്കാട്‌

മിൽമ മലബാർ മേഖലാ യൂണിയന്റെ സബ്‌സിഡിയറി സ്ഥാപനമായ മലബാർ റൂറൽ ഡെവലപ്‌മെന്റ്‌ ഫ‍ൗണ്ടേഷന്റെ മാനേജിങ്‌ ട്രസ്‌റ്റിയുടെ ചുമതല അഡ്‌മിനിസ്ട്രേറ്റർ സ്വയം ഏറ്റെടുത്തത്‌ ബൈലോ മറികടന്നാണെന്ന്‌ കാണിച്ച്‌ രജിസ്‌ട്രാർക്ക്‌ ചെയർമാൻ കെ എസ്‌ മണി പരാതി നൽകി. അഡ്‌മിനിസ്‌ട്രേറ്റർ രജിസ്‌ട്രാറുടെ നിർദേശങ്ങൾക്കനുസരിച്ച്‌ മാത്രമേ പ്രവർത്തിക്കാവൂ. ഇത് ലംഘിച്ചാണ്‌ പല തീരുമാനങ്ങളും എടുക്കുന്നതെന്നും ഇത്‌ ചട്ടവിരുദ്ധമാണെന്നും കാണിച്ചാണ്‌ പരാതി നൽകിയത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home