മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ കുടിവെള്ള പ്രശ്നം
പൈപ്പുണ്ട് വെള്ളമില്ല


സ്വന്തം ലേഖകൻ
Published on Oct 13, 2026, 02:00 AM | 1 min read
പാലക്കാട്
പാലക്കാട് ഗവ. മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ കുടിവെള്ളം മുടങ്ങിയിട്ട് മൂന്ന് മാസം. ഹോസ്റ്റലിലേക്കുള്ള പ്രത്യേക കുടിവെള്ള കണക്‌ഷന്റെ നിർമാണം പൂർത്തിയാക്കാതെ പൊതുമരാമത്ത് വകുപ്പിന്റെ അലംഭാവം. സെപ്തംബർ 24ന് പൂർത്തിയാക്കുമെന്ന് ഉറപ്പുനൽകിയ പദ്ധതിയാണ് പാതിവഴിയിലായത്. ജൂലൈയിലാണ് ഹോസ്റ്റലുകളിൽ കുടിവെള്ളം നിലച്ചത്. കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കുഴൽക്കിണറിൽ മഴവെള്ളവും അഴുക്കുചാലിലെ വെള്ളവും കിനിഞ്ഞിറങ്ങുകയായിരുന്നു. ആൺകുട്ടികളുടെ ഹോസ്റ്റലിലാണ് ആദ്യം മലിനജലം എത്തിയത്. വെള്ളം പരിശോധിച്ചപ്പോൾ ഇകോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ദിവസങ്ങൾക്കുള്ളിൽ പെൺകുട്ടികളുടെ ഹോസ്റ്റലിലും മലിനജല പ്രശ്നം രൂക്ഷമായി. കുട്ടികൾക്ക് വയറിളക്കംപോലുള്ള രോഗങ്ങളും ബാധിച്ചു. തുടർന്ന് എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലെ പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. മെയിൻ ബ്ലോക്കിനുസമീപത്തെ ടാങ്കിൽനിന്ന് ഹോസ്റ്റലുകളിലേക്ക് നേരിട്ട് വെള്ളം എത്തിക്കാനുള്ള സംവിധാനം സെപ്തംബറിൽ പൂർത്തിയാക്കുമെന്ന് ഉറപ്പുനൽകി. പകരം പുറത്തുനിന്ന് ടാങ്കറുകളിലും കാനുകളിലും ഹോസ്റ്റലുകളിലേക്ക് വെള്ളം എത്തിക്കാൻ തുടങ്ങി. നിർമാണം നീണ്ടപ്പോൾ വിദ്യാർഥികൾ കാരണംതേടി. മഴ മാറട്ടെ എന്നായിരുന്നു അധികൃതരുടെ മറുപടി. എന്നാൽ മഴ മാറിയിട്ടും പൈപ്പിടൽ കുഴിയിൽ മാത്രം ഒതുങ്ങി. കുഴൽക്കിണർ ക്ലോറിനേറ്റ് ചെയ്ത് പുനരുപയോഗം തുടങ്ങിയിട്ടുണ്ട്. അലക്കാനും കുളിക്കാനുമാണ് ഉപയോഗിക്കുന്നത്. മഴയുള്ള ദിവസങ്ങളിൽ അഴുക്കുചാലിന് സമാനമാണ് ഹോസ്റ്റലിലെ വെള്ളം എന്ന് വിദ്യാർഥികൾ പറയുന്നു. കാനുകളിൽ എത്തിക്കുന്ന കുടിവെള്ളം ഒന്നിനും തികയുന്നില്ല. ഒക്ടോബറിലും പണി പൂർത്തിയാകാത്ത സാഹചര്യത്തിൽ എസ്‌എഫ്‌ഐ പ്രവർത്തകർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറിനോട് വിശദീകരണം ആവശ്യപ്പെട്ടു. 90 ശതമാനം പൂർത്തിയായെന്നും ഒരാഴ്ചയ്ക്കകം വെള്ളം എത്തിക്കുമെന്നുമാണ് പുതിയ ഉറപ്പ്.









0 comments