കൃഷി വ്യാപിപ്പിക്കാൻ കർഷകസംഘം
2000 ഏക്കർ തരിശിടം ഇനി കൃഷിയിടം

സ്വന്തം ലേഖകൻ
കോഴിക്കോട്
ജില്ലയിൽ തരിശായിക്കിടക്കുന്ന ഭൂമിയിൽ മുഴവൻ കർഷകരെയും പങ്കെടുപ്പിച്ച് ഓരോ പ്രദേശത്തിനും അയോജ്യമായ കൃഷിയിറക്കാൻ കർഷക സംഘം രംഗത്ത്. 2000 ഏക്കറിലാണ് കൃഷി നടത്തുക. ജില്ലയിലെ 4348 യൂണിറ്റുകളിലും കർഷക യോഗങ്ങൾ ചേർന്ന് പ്രാദേശിക കർഷക ക്ലബ്ബുകൾ രൂപീകരിച്ചാണ് പദ്ധതി ആവിഷ്‌കരിക്കുക. ഇതിനുള്ള കർമ പദ്ധതി ജില്ലാ കമ്മിറ്റി തയ്യാറാക്കി. പച്ചക്കറിയടക്കം നിത്യോപയോഗ സാധനങ്ങൾക്ക് നാൾക്കുനാൾ വില ഉയരുന്പോൾ വിലക്കയറ്റം പിടിച്ചുനിർത്താനും വിഷമില്ലാത്ത പച്ചക്കറികൾ ഓരോ ആളുകൾക്കും ലഭ്യമാക്കുന്നതിനുഒമാണ് കൃഷി വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. കുടുംബങ്ങളിൽ കാർഷിക സംസ്കാരമുണർത്തുക, കേരളത്തെ ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തമാക്കുക, സുരക്ഷിത പച്ചക്കറി ഉൽപ്പാദനം കാര്യക്ഷമമായി നടപ്പാക്കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. ഉൽപ്പാദിപ്പിക്കുന്ന കൃഷി ഉൽപ്പന്നങ്ങൾക്കുള്ള വിപണിയും കർഷകസംഘം കണ്ടെത്തും. ഇതിന്റെ ഭാഗമായി പച്ചക്കറി വിത്ത് പാക്കറ്റുകൾ, തൈകൾ, ദീർഘകാല പച്ചക്കറി തൈകൾ എന്നിവ വിതരണം ചെയ്യും. കരനെൽ കൃഷി, നെൽ കൃഷി, ഇടവിള കൃഷി തുടങ്ങി ഓരോപ്രദേശത്തിനും അനുയോജ്യമായ രീതിയിലാണ് കൃഷി ഒരുക്കുക. ഓരോ യൂണിറ്റിന്റെയും നേതൃത്വത്തിൽ പ്രദേശത്തെ എല്ലാ കർഷകരെയും കൃഷിയുടെ ഭാഗമാക്കിയെടുക്കും. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ പി കുഞ്ഞഹമ്മദ് കുട്ടി അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം മെഹബൂബ്, കെ പി അനിൽകുമാർ, എക്സിക്യൂട്ടീവ് അംഗം കെ പി ചന്ദ്രി, പി വിശ്വൻ ജില്ലാ സെക്രട്ടറി ബാബു പറശേരി എന്നിവർ സംസാരിച്ചു. കാർഷിക വ്യാപന പരിപാടി വിജയിപ്പിക്കാൻ യോഗം മുഴുവൻ കർഷകരോടും ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.








0 comments