വലച്ചിറകൻ ഗവേഷണം
2 മലയാളികൾക്ക് അന്താരാഷ്ട്ര അംഗീകാരം

വിദേശ ശാസ്ത്രജ്ഞനൊപ്പം ടി ബി സൂര്യനാരായണൻ, ഡോ. സി ബിജോയ് എന്നിവർ
തൃശൂർ
കേരളത്തിലെ അപൂർവ വലച്ചിറകൻ (ഷഡ്പദ) ജീവികളുടെ ഗവേഷണത്തിൽ രണ്ട് മലയാളി ഗവേഷകർക്ക് അന്താരാഷ്ട്ര അംഗീകാരം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഡോ. സി ബിജോയ്, ടി ബി സൂര്യനാരായണൻ എന്നിവരാണ് ചൈനയിലെ ബീജിങ്ങിൽ നടന്ന 15-–ാമത് ഇന്റർനാഷണൽ സിമ്പോസിയം ഓഫ് ന്യൂറോപ്റ്ററോളജിയിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം ശാസ്ത്രജ്ഞർ പങ്കെടുത്ത സമ്മേളനത്തിൽ ഇന്ത്യയിൽ നിന്ന് ഇരുവരും മാത്രമാണ് ഉണ്ടായിരുന്നത്. ടി ബി സൂര്യനാരായണൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എന്റമോളജി റിസർച്ച് ലാബിലെ ഗവേഷകനും എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെ അസി. പ്രൊഫസറുമാണ്. സിമ്പോസിയത്തിൽ മുഖ്യപ്രഭാഷകനായിരുന്നു അദ്ദേഹം. ‘ഇന്ത്യയിലെ വലച്ചിറകൻ ശ്രേണിയിലെ പഠനനില’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഇന്ത്യയിലെ വലച്ചിറകൻ ജീവികളുടെ വൈവിധ്യം, ഗവേഷണ പുരോഗതി, സംരക്ഷണ വെല്ലുവിളികൾ എന്നിവയെ കുറിച്ച് വിശദീകരിച്ചു. തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശിയാണ് ടി ബി സൂര്യനാരായണൻ. ഡോ. സി ബിജോയ്, എസ്ഇആർഎൽ ലാബ് മേധാവിയും ക്രൈസ്റ്റ് കോളേജിലെ അസി. പ്രൊഫസറുമാണ്. കേരളത്തിലെ ‘ഓൾഫ്ലൈസ് എന്ന വലച്ചിറകൻ വിഭാഗത്തിന്റെ ആവാസവും ഉയരപരമായ മുൻഗണനകളും’ എന്ന വിഷയത്തിലാണ് പ്രബന്ധം അവതരിപ്പിച്ചത്. കേരളത്തിലെ അപൂർവ വലച്ചിറകൻ വിഭാഗത്തിൽപ്പെടുന്ന ജീവികളുടെ വിതരണം, പരിസ്ഥിതി അനുയോജ്യത തുടങ്ങിയവയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ പ്രബന്ധത്തിലൂടെ ലഭിച്ചു. പാലക്കാട് പുതുനഗരം സ്വദേശിയാണ് ഡോ. സി ബിജോയ്.









0 comments