പ്രതീക്ഷ നൽകുന്ന പോരാട്ടം: പി രാജീവ്

ഡൽഹി ജന്തർമന്തറിൽ നടന്ന സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് ചെയ്യപ്പെട്ടശേഷം കേരളത്തിലെത്തിയ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജില്ലാ സെക്രട്ടറി എസ് സതീഷിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണം
കൊച്ചി
പ്രതീക്ഷ നൽകുന്ന പോരാട്ടമാണ് ഡൽഹിയിൽ നടക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് പറഞ്ഞു. ജന്തർമന്തർ പ്രക്ഷോഭത്തിൽ അറസ്‌റ്റ് വരിച്ച് മടങ്ങിയെത്തിയശേഷം കൊച്ചി വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘അഭിമാനകരമായ പോരാട്ടത്തിലാണ് പങ്കുചേർന്നത്. ഡൽഹി ഇന്ന് ഏറ്റവും പ്രധാന സമരകേന്ദ്രമായി. ഇതുപോലെ പൊലീസ് ഭീകരത ആദ്യമാണ്. പ്രതിപക്ഷനേതാവും സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവുമായ പിണറായി വിജയനെ കയറ്റിയ വാഹനം പൊലീസ് നഗരത്തിലൂടെ മണിക്കൂറുകൾ ഓടിച്ചു. എം എ ബേബി, ബൃന്ദ കാരാട്ട്, എം വി ഗോവിന്ദൻ, എ വിജയരാഘവൻ ഉൾപ്പെടെ ഞങ്ങളെ കയറ്റിയ വണ്ടി ജയിൽപോലുള്ളതായിരുന്നു. അതിനകത്തേക്ക് തള്ളിയിടുകയായിരുന്നു.
വലിയ ബലപ്രയോഗത്തിലൂടെയാണ് നേതാക്കളെ അറസ്‌റ്റ് ചെയ്‌ത് നീക്കിയത്. ഞായറാഴ്‌ച ഇതിനേക്കാൾ ഭീകരമായാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. ജോൺ ബ്രിട്ടാസിനെ ശ്വാസംമുട്ടിക്കുന്നരൂപത്തിൽ ക്രൂരമർദനത്തിന് വിധേയമാക്കി. കത്തിപ്പടരുന്ന പോരാട്ടത്തിന്റെ മുഖമായി എസ്‌എഫ്‌ഐ മാറി. നേതാക്കളായ ആദർശ് എം സജി, ഐഷി ഘോഷ് എന്നിവരെ ഭീകരമായി പൊലീസ് ആക്രമിച്ചു. പെൺകുട്ടികളെ ഉൾപ്പെടെ ക്രൂരമായി മർദിച്ചു.
എന്നാൽ, ഇതിലൊന്നും പതറാതെ പ്രതീക്ഷ നൽകുന്ന പോരാട്ടമാണ് നടത്തുന്നത്. കേന്ദ്രകമ്മിറ്റി യോഗം മാറ്റിവച്ച്, പ്രമേയത്തേക്കാളും കരുത്തുണ്ട് പോരാട്ടത്തിനെന്ന് പ്രഖ്യാപിച്ച് സമരമുഖത്തേക്ക് ജനറൽ സെക്രട്ടറിമുതൽ വളരെ മുതിർന്ന പിബി അംഗംവരെ ഇറങ്ങി. ചരിത്രത്തിന്റെ ഭാഗമാണിത്. ഡൽഹിയിൽ കത്തുന്ന പ്രതിഷേധം എല്ലാ മനസ്സുകളിലേക്കും വീടുകളിലേക്കും ഗ്രാമങ്ങളിലേക്കും എത്തിക്കേണ്ടത് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്’’– പി രാജീവ് പറഞ്ഞു.
ജില്ലാ സെക്രട്ടറി എസ് സതീഷിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ജില്ലാ കമ്മിറ്റി അംഗങ്ങളായ എ പി ഉദയകുമാർ, കെ ബി വർഗീസ്, വി സലിം, വി എം ശശി, കെ തുളസി, കെ കെ ഷിബു, സി കെ സലിംകുമാർ, എ ആർ രഞ്ജിത്, കെ പി റെജീഷ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ് എന്നിവർ പങ്കെടുത്തു.








0 comments