ഡൽഹി പൊലീസ് രാജിനെതിരെ പ്രതിഷേധം
നീതിക്കായി തെരുവിൽ

എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി മഹാരാജാസ് കോളേജിനുമുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം
തിരുവനന്തപുരം
ഡൽഹി പൊലീസിന്റെ നരനായാട്ടിനെതിരെ നാടെങ്ങും പ്രതിഷേധം ആളിപ്പടർന്നു. തലസ്ഥാനത്തിന്റെ തെരുവിൽ ജനാധിപത്യം സംരക്ഷിക്കാൻ ജീവൻ കൊടുത്തും പൊരുതുന്നവരെ ക്രൂരമായി വേട്ടയാടുന്ന കേന്ദ്രപൊലീസിനെതിരെ രോഷമിരന്പി. സിപിഐ എം, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതൃത്വത്തിലാണ് വിവിധയിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രായമോ പദവിയോ നോക്കാതെയാണ് മുതിർന്ന നേതാക്കളെയടക്കം തല്ലിച്ചതച്ചത്. മാധ്യമങ്ങളോട് സംസാരിക്കാൻ ശ്രമിക്കുന്നവരെ തടവിലാക്കി പൊലീസ് വാഹനങ്ങൾക്കുള്ളിലിട്ട് ക്രൂരമായി മർദിച്ചു. ജോൺ ബ്രിട്ടാസ് എംപിയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു. ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ജെയ്‌ക് സി തോമസിനെ വിവസ്‌ത്രനാക്കി. അഖിലേന്ത്യ ട്രഷറർ സഞ്ജീവ് കുമാർ, എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി എന്നിവരെയും മർദിച്ചു. ഇതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
ഡിവൈഎഫ്‌ഐ പാളയം ബ്ലോക്ക് കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നാണ് മാർച്ച് ആരംഭിച്ചത്. ഡൽഹിയിലെ നിലയ്ക്കാത്ത പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ജനകീയസമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഡൽഹി പൊലീസിനും കേന്ദ്രസേനയ്ക്കുമെതിരെ പ്രതിഷേധിച്ചും നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. എജീസ് ഓഫീസിന് മുന്നിൽ സംസ്ഥാന സെക്രട്ടറി എം വിജിൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി എസ് ശ്യാമ സംസാരിച്ചു.

കൊച്ചി
മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ സമരംചെയ്ത എസ്‌എഫ്‌ഐ– ഡിവൈഎഫ്‌ഐ നേതാക്കളെയും ജോൺ ബ്രിട്ടാസ് എംപിയെയും തല്ലിച്ചതച്ചതിനെതിരെ നാടാകെ പ്രതിഷേധം. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധപ്രകടനങ്ങളും യോഗങ്ങളും കേന്ദ്ര സർക്കാരിനുള്ള താക്കീതായി.
വിദ്യാർഥികളും യുവജനങ്ങളും സാംസ്‌കാരിക പ്രവർത്തകരും ചേർന്ന് എറണാകുളം മഹാരാജാസ് കോളേജിൽ റാലിയും ഐക്യദാർഢ്യസദസ്സും സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, സംവിധായകരായ ആഷിക് അബു, രാജീവ് രവി, നടി റീമ കല്ലിങ്കൽ, ഡോ. സുനിൽ പി ഇളയിടം തുടങ്ങിയവർ പങ്കെടുത്തു.
എസ്എഫ്ഐ ജില്ലാ കമ്മിറ്റി എറണാകുളം മഹാരാജാസ് കോളേജിനുമുന്നിൽ നടത്തിയ പ്രതിഷേധം ജില്ലാ സെക്രട്ടറി ആശിഷ് എസ് ആനന്ദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എച്ച് നന്ദകുമാർ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ പൗലോസ്, സെക്രട്ടറിയറ്റ് അംഗം പി എ അബ്‌ദുൾ നാസിർ, ജില്ലാ കമ്മിറ്റി അംഗം നേഹ കാർത്തി എന്നിവർ സംസാരിച്ചു.
സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റിയും പികെഎസും ചേർന്ന് സംഘടിപ്പിച്ച പ്രതിഷേധപ്രകടനവും യോഗവും ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എൻ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സി മണി അധ്യക്ഷനായി. വി വി പ്രവീൺ, പി ആർ റെനീഷ് എന്നിവർ സംസാരിച്ചു.
കോതമംഗലം കോട്ടപ്പടിയിൽ കർഷകസംഘം, സിഐടിയു, കെഎസ്‌കെടിയു എന്നിവ ചേർന്ന് നടത്തിയ പ്രതിഷേധം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.








0 comments