ആ കറുത്ത രാത്രിക്ക് 53 ആണ്ട്

അഴീക്കോടൻ ദിനാചരണത്തിന്റെ ഭാഗമായി ചെട്ടിയങ്ങാടി തെരുവിൽ അഴീക്കോടൻ കുത്തേറ്റു മരിച്ച സ്ഥലത്തെ രക്തസാക്ഷി മണ്ഡപം ദീപാലംകൃതമാക്കിയപ്പോൾ
തൃശൂർ
ചെട്ടിയങ്ങാടിത്തെരുവിൽ ഇന്നും ആ ചോരയുടെ ഗന്ധമുണ്ട്. ആ രാത്രിയുടെ നടുക്കുന്ന ഓർമകളുണ്ട്. കേരളത്തിന്റെ പ്രിയങ്കരനായ പോരാളിയെ ഇരുട്ടിന്റെ മറവിൽ കുത്തിവീഴ്‌ത്തിയിട്ട് 53 ആണ്ട് പിന്നിടുന്പോഴും ചെട്ടിയങ്ങാടിക്ക് അത് ഇന്നലെ കഴിഞ്ഞപോലുള്ള ഓർമയാണ്. 1972 സെപ്‌തംബർ 23നാണ് അഴീക്കോടൻ രാഘവനെ വലതുപക്ഷ ശക്തികളുമായി ചേർന്ന് ഇടത് അരാജകവാദികൾ കൊലപ്പെടുത്തിയത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവും ഐക്യമുന്നണി കൺവീനറുമായി നാടാകെ നിറഞ്ഞുനിന്ന് പ്രവർത്തിക്കുന്ന ഘട്ടത്തിലായിരുന്നു ആസൂത്രിത കൊലപാതകം. തട്ടിൽ എസ്റ്റേറ്റ് അഴിമതിയുമായി ബന്ധപ്പെട്ട് അന്നത്തെ ആഭ്യന്തരമന്ത്രി കെ കരുണാകരനെതിരെ ‘നവാബ്’ പത്രത്തിൽ വന്ന വാർത്ത നാട്ടിലാകെ ചർച്ചാ വിഷയമായി. അഴിമതിയിൽ കരുണാകരന്റെ പങ്ക് തെളിയിക്കുന്ന കത്ത് പിടിച്ചെടുക്കുന്നതിനായി സംസ്ഥാന ക്രെെംബ്രാഞ്ച് നവാബ് രാജേന്ദ്രനെ കസ്റ്റഡിയിലെടുത്ത് ഭീകരമായി മർദിച്ചെങ്കിലും ലഭിച്ചില്ല. ഇൗ വിവരം അഴീക്കോടനാണ് പത്രസമ്മേളനത്തിലൂടെ ജനങ്ങളെ അറിയിച്ചത്. കത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് കെ കരുണാകരന്റെ സെക്രട്ടറി സി കെ ഗോവിന്ദൻ പ്രാദേശിക കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്ന് കത്ത് സെപ്തംബർ 25ന് കോടതിയിൽ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. ഇൗ സന്ദർഭത്തിലാണ് എറണാകുളത്ത് പരിപാടിയിൽ പങ്കെടുത്ത ശേഷം അഴീക്കോടൻ കെഎസ്ആർടിസി ബസിൽ തൃശൂരിലെത്തുന്നത്. ബസ് സ്റ്റാൻഡിൽനിന്ന് അദ്ദേഹം താമസിക്കുന്ന പ്രീമിയർ ലോഡ്ജിലേക്ക് നടന്നുപോകുന്ന വഴിയാണ് രാഷ്ട്രീയ ശത്രുക്കൾ സംഘംചേർന്ന് കുത്തിവീഴ്ത്തിയത്. കുത്തേറ്റ് വീണ അഴീക്കോടനെ ആശുപത്രിയിൽ എത്തിക്കാനല്ല, വീണുകിടന്ന അദ്ദേഹത്തിന്റെ ബാഗ് വലിച്ചുകീറി പരിശോധിക്കാനായിരുന്നു പൊലീസിന്റെ ധൃതി. അഴീക്കോടന്റെ കൈയിലുണ്ടായിരുന്നുവെന്ന് കരുതുന്ന ‘തട്ടിൽ അഴിമതിയുടെ രേഖ' തട്ടിയെടുക്കലായിരുന്നു ലക്ഷ്യം. ഇതേകാലഘട്ടത്തിൽ ആശയപരമായ ഭിന്നതയെ തുടർന്ന് സിപിഐ എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട എ വി ആര്യന്റെ നേതൃത്വത്തിലുള്ള സംഘത്തിനെതിരെ ജില്ലയിലെ പാർടിയെ അഴീക്കോടൻ ജാഗരൂകമാക്കിയിരുന്നു. ഇൗ സാഹചര്യത്തിൽ പൊലീസും ഭരണാധികാരികളും ആര്യൻ സംഘത്തെ തന്ത്രപരമായി ഉപയോഗിച്ചാണ് അഴീക്കോടനെ കൊലപ്പെടുത്തിയത്.









0 comments