നെല്ലിയാമ്പതിയിൽ അപൂർവ നിരീക്ഷണം
മലമുഴക്കി വേഴാന്പലിന്റെ ഇര കോഴി വേഴാമ്പൽ

കോഴി വേഴാമ്പലിനെ മലമുഴക്കി വേഴാമ്പൽ ഇരയാക്കുന്നു
തൃശൂർ
പഴങ്ങൾ ഭക്ഷിക്കുന്ന മലമുഴക്കി വേഴാമ്പൽ കോഴി വേഴാമ്പലിനെയും ഇരയാക്കും. കേരള കാർഷിക സർവകലാശാലയിലെ ഗവേഷക സംഘം പാലക്കാട് നെല്ലിയാമ്പതി മലനിരകളിലാണ് ഇൗ അത്യപൂർവ കാഴ്ച രേഖപ്പെടുത്തിയത്. ആദ്യമായിട്ടാണ് പശ്ചിമഘട്ടത്തിൽനിന്ന് ഒരു വേഴാമ്പൽ മറ്റൊരു വേഴാമ്പൽ ഇനത്തെ ഇരയാക്കുന്നത് രേഖപ്പെടുത്തുന്നത്. ഈ നിരീക്ഷണം ആനുവൽ റിസർച്ച് ആൻഡ് റിവ്യൂ ഇൻ ബയോളജി എന്ന ശാസ്ത്രജേണലിൽ വേഴാന്പലുകൾ തമ്മിലുള്ള വേട്ടയാടൽ: തെക്കൻ പശ്ചിമഘട്ടത്തിൽ കോഴി വേഴാന്പൽ കുഞ്ഞിനെ മലമുഴക്കി വേഴാന്പൽ ഇരയാക്കുന്നു എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചു. പ്രധാനമായും പഴങ്ങൾ ഭക്ഷിക്കുന്ന മലമുഴക്കി വേഴാമ്പലുകൾ വിത്തുവിതരണത്തിലും വനപുനരുജ്ജീവനത്തിലും നിർണായക പങ്കുവഹിക്കുന്നു. എന്നാൽ പ്രജനനകാലത്ത് ഇവ ചെറിയ ഉരഗങ്ങൾ ഉൾപ്പെടെയുള്ള ജന്തുക്കളെയും ഭക്ഷിക്കാറുണ്ട്. കോഴി വേഴാന്പൽ കുഞ്ഞിനെ ഇരയാക്കുന്നത് അപൂർവമാണ്. കേരള കാർഷിക സർവകലാശാലയിലെ വെള്ളാനിക്കര കോളേജ് ഓഫ് ഫോറസ്ട്രിയിലെ വൈൽഡ് ലൈഫ് സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അർജുൻ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിരീക്ഷണം രേഖപ്പെടുത്തിയത്. ഗവേഷകവിദ്യാർഥികളായ അനഘ ജോസ്, വി ശ്രീലക്ഷ്മി, കെ ആർ ഗൗതമൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അർജുൻ സുരേഷാണ് ചിത്രം പകർത്തിയത്. ഒരേ ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന രണ്ട് വേഴാമ്പൽ ഇനങ്ങൾ തമ്മിലുള്ള ഇത്തരം അപൂർവ ഇടപെടലുകൾ അവയുടെ പെരുമാറ്റം കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുമെന്ന് കേരള കാർഷിക സർവകലാശാല കോളേജ് ഓഫ് ഫോറസ്ട്രി ഡീൻ വൈൽഡ് ലൈഫ് സയൻസ് വിഭാഗം മേധാവിയുമായ ഡോ. പി ഒ നമീർ പറഞ്ഞു. ഏപ്രിൽ 28-ന് നടത്തിയ ഗവേഷണയാത്രക്കിടെയാണ് ചിത്രം എടുത്തത്. ഒരേ ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന രണ്ട് വേഴാമ്പൽ ഇനങ്ങൾ തമ്മിലുള്ള ഇത്തരം വേട്ടയാടലുകളും ഇടപെടലുകളും ഇവയുടെ സവിശേഷ പെരുമാറ്റത്തിലേക്കാണ് വെളിച്ചം വീശുന്നത്. കൂടുതൽ പഠനങ്ങൾക്ക് ശേഷമാണ് അപൂർവദൃശ്യം ശാസ്ത്രജേണലിൽ പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.









0 comments