print edition എസ്ഐആറിന് പിന്നാലെ സെൻസസിലും അട്ടിമറി

ന്യൂഡൽഹി: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെ എന്യൂമറേറ്റർമാരാക്കാനുള്ള നീക്കം ആർഎസ്എസ്, ബിജെപി പ്രവർത്തകരെ കുത്തിനിറച്ച് 2027ലെ സെൻസസ് അട്ടിമറിക്കാൻ. എസ്ഐആറിലെ കള്ളക്കളിക്ക് പിന്നാലെയാണ് സെൻസസ് കൃത്രിമത്തിനൊരുങ്ങുന്നത്. കേന്ദ്ര നീക്കം സെൻസസ് പ്രക്രിയയുടെ നിഷ്പക്ഷതയും വിശ്വാസ്യതയും ഇല്ലാതാക്കും.
1990ലെ സെൻസസ് ചട്ടം ഭേദഗതിചെയ്ത് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം സർക്കാരിനും തദ്ദേശസ്ഥാപനങ്ങൾക്കും കീഴിലുള്ള അധ്യാപകർക്ക് പുറമേ സ്വകാര്യ സ്കൂൾ അധ്യാപകരെക്കൂടി എന്യൂമറേറ്റർമാരാക്കാം. തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ സഹായം ലഭിക്കുന്നതോ ലഭിക്കാത്തതോ ആയ സ്ഥാപനങ്ങൾ, സൊസൈറ്റികൾ, ട്രസ്റ്റുകൾ എന്നിവയ്ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെയും കേന്ദ്ര–സംസ്ഥാന സർക്കാരുകൾ, തദ്ദേശ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിയിലെ ക്ലർക്കുമാരെയും ഉദ്യോഗസ്ഥരെയും ഇൗ ചുമതലയേൽപ്പിക്കാം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണപ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്റർമാർക്കും ആരെയും എന്യൂമറേറ്ററായി നിയമിക്കാം.
ആർഎസ്എസ് നിയന്ത്രണത്തിലുള്ള സൊസൈറ്റികളിലും ട്രസ്റ്റുകളിലുമുള്ളവരെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ആർഎസ്എസ്, ബിജെപി പ്രവർത്തകരെയും കൂട്ടത്തോടെ സെൻസസ് ജോലികൾക്ക് ചുമതലപ്പെടുത്താനുള്ള സാധ്യതയാണ് വിജ്ഞാപനം തുറന്നിടുന്നത്. കർണാടകത്തിലെ ബെലഗവിയിൽ ജൂലൈയിൽ നടന്ന ആർഎസ്എസ് പരിശീലന ക്യാംപിൽ 2027ലെ സെൻസസായിരുന്നു മുഖ്യ ചർച്ച.
ഗ്യാനേഷ് 20 മാസത്തിനിടെ മാറ്റിയത് 20 സിഇഒമാരെ
ന്യൂഡൽഹി: ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി അധികാരമേറ്റ ശേഷം 20 മാസത്തിനുള്ളിൽ സ്ഥലംമാറ്റിയത് 20 ചീഫ് ഇലക്ടറൽ ഓഫീസർമാരെ. എസ്ഐആർ പോലെയുള്ള നിർണായക നടപടികൾക്കിടെയാണ് സിഇഒമാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയത്.
ബിഹാറിൽ 2025 ഏപ്രിലിലാണ് ആദ്യ സ്ഥലംമാറ്റം. രണ്ട് മാസത്തിനകം ബിഹാറിൽ എസ്ഐആർ നടപടി തുടങ്ങി. പിന്നാലെ ഡൽഹി, ഗുജറാത്ത്, സിക്കിം, ചണ്ഡിഗഡ് എന്നിവടങ്ങളിലും സിഇഒമാരെ മാറ്റി. ലക്ഷദ്വീപിൽ 2025 നവംബറിന് ശേഷം മൂന്നുപേരെയാണ് മാറ്റിയത്. ഡൽഹിയിൽ എസ്ഐആർ തുടങ്ങുന്നതിന് നാലുമാസം മുന്പ് ആർ ആലിസ് വാസിനെ സിഇഒ സ്ഥാനത്തുനിന്ന് മാറ്റി. ചില സംസ്ഥാനങ്ങളിൽ എസ്ഐആർ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് സിഇഒമാർക്ക് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചത്. തെരഞ്ഞെടുപ്പ് കമീഷന്റെ മേൽനോട്ടത്തിൽ സംസ്ഥാനതല തെരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കുകയും വോട്ടർപട്ടിക പരിഷ്കരണത്തിന് നേതൃത്വം നൽകുകയുമാണ് സിഇഒമാരുടെ മുഖ്യചുമതല.









0 comments