റെയിൽവേ സ്റ്റേഷൻ വികസനം: എംപിയുടെ കത്തിന് റെയിൽവേയുടെ മറുപടി

വടക്കാഞ്ചേരി
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെട്ട വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിലെ വിവിധ പ്രതിസന്ധികൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ രാധാകൃഷ്ണൻ എംപി അയച്ച കത്തിന് വിശദമായ മറുപടിയുമായി ദക്ഷിണ റെയിൽവേ. ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക്, എസ്‌കലേറ്റർ സൗകര്യം, സിസിടിവി നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് എംപി ഉന്നയിച്ച ആവശ്യങ്ങളിൽ റെയിൽവേ സ്വീകരിച്ചിട്ടുള്ള നടപടികളും ഭാവി പദ്ധതികളുമാണ് തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രാകർ ഔദ്യോഗികമായി വിശദീകരിച്ചത്. എസ്‌കലേറ്ററിനായി പുതിയ പ്രൊപ്പോസൽ: സ്റ്റേഷനിൽ എസ്‌കലേറ്ററോ ലിഫ്റ്റോ സ്ഥാപിക്കുന്നതിനുള്ള നിർദിഷ്ട യാത്രക്കാരുടെ എണ്ണം നിലവിലില്ലെങ്കിലും മുതിർന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും യാത്രാസൗകര്യം മുൻനിർത്തി വടക്കാഞ്ചേരിയിൽ എസ്‌കലേറ്ററോ ലിഫ്റ്റോ അനുവദിക്കുന്നതിനായി റെയിൽവേയുടെ ഭാഗത്തുനിന്ന് പുതിയൊരു പ്രൊപ്പോസൽ മുൻകൈയെടുത്ത് ആരംഭിക്കുമെന്ന് ഡിആർഎം അറിയിച്ചു. സിസിടിവി കാമറകൾ ഈ വർഷം പൂർത്തിയാക്കും: സ്റ്റേഷനിലെ സാമൂഹ്യവിരുദ്ധ ശല്യം തടയുന്നതിനായി വീഡിയോ സർവൈലൻസ് സിസ്റ്റം പദ്ധതിയിൽ വടക്കാഞ്ചേരിയെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റെയിൽവേ വ്യക്തമാക്കി. ഡിസംബർ 31-നകം പദ്ധതി പൂർണമായി കമീഷൻ ചെയ്യും. യാത്രക്കാരുടെ സുരക്ഷയ്ക്കായി ആർപിഎഫ് രാത്രിയും പകലും കർശനമായ പരിശോധനകൾ നടത്തുന്നുണ്ടെന്നും റെയിൽവേ ചൂണ്ടിക്കാട്ടി. ടിക്കറ്റ് വെൻഡിങ് മെഷീൻ : സ്റ്റേഷനിലെ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാൻ ആരും അപേക്ഷ നൽകിയില്ല, അപേക്ഷിക്കുന്ന മുറയ്ക്ക് ഫെസിലിറ്റേറ്റർമാരെ നിയമിക്കാൻ തയ്യാറാണെന്നും ഡിആർഎം അറിയിച്ചതായി കെ രാധാകൃഷ്ണൻ എംപി പറഞ്ഞു.










0 comments