റെയിൽവേ പാർക്കിങ്ങിലെ തീപിടിത്തം
അന്വേഷണം അട്ടിമറിച്ച് റെയിൽവേ

തൃശൂർ
തൃശൂർ റെയിൽവേ സ്‌റ്റേഷനിലെ ഇരുചക്ര വാഹന പാർക്കിങ് ഏരിയയിലുണ്ടായ തീപിടിത്തത്തിന്റെ അന്വേഷണം അട്ടിമറിച്ച് റെയിൽവേ. അപകടത്തെത്തുടർന്ന് റെയിൽവേ പ്രഖ്യാപിച്ച അന്വേഷണം തീ പടരാനുണ്ടായ കാരണം കണ്ടെത്താതെ അവസാനിപ്പിച്ചു. റെയിൽവേ അധികൃതരുടെ അനാസ്ഥയുടെ ഫലമാണ് തീപിടിത്തമെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തലുണ്ടായിരുന്നത്. അപകടത്തിന്റെ കാരണം കണ്ടെത്താൻ പ്രത്യേക അന്വേഷകസംഘത്തെ തിരുവനന്തപുരം ഡിവിഷൻ നിയോഗിച്ചിരുന്നു. ഇവർ ഒന്നും കണ്ടെത്തിയില്ല. പകരം ഭാവിയിൽ അപകടമുണ്ടാകാതെയിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനുള്ള നിർദേശങ്ങൾ മാത്രം ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം, പൊലീസിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണ്. ഉയർന്ന പ്രഹരശേഷിയുള്ള വൈദ്യുതി ലൈനിന്റെ തൂണ് നിൽക്കുന്ന പാർക്കിങ് ഏരിയയിലാണ് പാർക്കിങ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. പാർക്കിങ് ഏരിയയുടെ മേൽക്കൂര വൈദ്യുതി ക്കമ്പിയിൽനിന്ന് അധികം അകലെയുമല്ല. ട്രാക്കിനോട് ഇത്രയും ചേർന്ന് സാധാരണ ഗതിയിൽ പാർക്കിങ് അനുവദിക്കാറില്ല. തുറസ്സായ സ്ഥലങ്ങളിൽ പാർക്കിങ് ഒരുക്കണമെന്നാണ് നിർദേശം. ഇതെല്ലാം ലംഘിച്ചാണ് റെയിൽവേ പാർക്കിങ് കരാർ നൽകിയത്. ഇത്തരത്തിൽ റെയിൽവേയുടെ ഭാഗത്തുനിന്ന് കടുത്ത വീഴ്‌ചകളാണ് അപകട കാരണമായത്. ഇത്തരം ഗൗരവകരമായ വിഷയങ്ങൾ പരിശോധിക്കാതെയാണ് അന്വേഷണം അവസാനിപ്പിച്ചത്. പാർക്കിങ് ഏരിയയിൽ കൂടുതൽ സുരക്ഷാ സംവിധാനം ഒരുക്കണമെന്നും അപകടമുണ്ടായാൽ രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്നവരെ ജോലിക്കായി നിയമിക്കണമെന്നും റിപ്പോർട്ടിലുണ്ട്. പാർക്കിങ് നടത്തിപ്പിന് കരാർ എടുക്കുന്നവർക്കാണ് സുരക്ഷയുടെ മുഴുവൻ ഉത്തരവാദിത്തമെന്നാണ് റെയിൽവേയുടെ നിലപാട്. ജനുവരി നാലിന് രണ്ടാം ഗേറ്റിനു സമീപമുള്ള പാർക്കിങ് ഏരിയയിലുണ്ടായ തീപിടിത്തത്തിൽ മുന്നൂറോളം വാഹനങ്ങളാണ് കത്തിനശിച്ചത്. പാർക്കിങ് ഏരിയക്ക് ഇൻഷുറൻസ് പരിരക്ഷയില്ലാത്തതിനാൽ കരാറുകാരനാണ് നഷ്ടപരിഹാരം മുഴുവൻ നൽകിയത്. റെയിൽവേ പാർക്കിങ് നടത്താൻ നൽകിയ സ്ഥലത്തിന്റെ പ്രശ്‌നങ്ങൾ മൂലമാണ് ഇൻഷുറൻസ് ലഭിക്കാതെയിരുന്നത്.










0 comments