രാത്രിയില്‍ അമിതശബ്ദമുണ്ടാക്കുന്ന നിർമാണ പ്രവർത്തനം നിയന്ത്രിക്കും

തൃശൂര്‍
റെയിൽവേ ക്വാർട്ടേഴ്‌സുകൾ ഉൾപ്പെടെയുള്ള ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്ന് രാത്രിയിലെ അമിത ശബ്ദമുണ്ടാക്കുന്ന റെയില്‍വേ നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഇടപെടുമെന്ന് അധികൃതര്‍. റെയിൽവേ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സ്വസ്ഥമായ ജീവിതത്തിന് തടസ്സമാകുന്ന തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങളിലെ ശബ്ദമലിനീകരണത്തിനെതിരെ ഡിആർഇയു ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് കോൺട്രാക്ട് അധികൃതരുമായും റെയിൽവേ കൺസ്ട്രക്ഷൻ വകുപ്പ് മേധാവിയുമായും യൂണിയന്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം. രാത്രി 11 മുതൽ രാവിലെ ആറുവരെ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള ഉയർന്ന ശബ്ദം സൃഷ്ടിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ യൂണിയൻ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ജീവനക്കാർ താമസിക്കുന്ന കേന്ദ്രങ്ങളിൽ നേരിട്ടെത്തി തൊഴിലാളികൾ, കുടുംബാംഗങ്ങൾ, വിദ്യാർഥികൾ, കുട്ടികൾ എന്നിവരിൽനിന്ന് ഒപ്പുശേഖരണവും നടത്തി. ഇതേത്തുടർന്നാണ് അധികൃതരുമായി ചർച്ച നടത്തിയത്. ചർച്ചയിൽ രവികുമാർ, നിക്സൺ ഗുരുവായൂർ, എം ആർ സുധീഷ്, വി എസ് ജയലാൽ, യു ദീപു, എം ബി അരുൺ എന്നിവർ പങ്കെടുത്തു.









0 comments