വി ബി ജി റാംജിയിൽ ആശയക്കുഴപ്പവും ആശങ്കയും
4 മാസം 20 തൊഴിൽദിനം മാത്രം


സ്വന്തം ലേഖകൻ
Published on Nov 25, 2026, 01:04 AM | 1 min read
ആലപ്പുഴ
നാലരമാസം പിന്നിട്ടിട്ടും വിബി ജി റാംജി പദ്ധതി ജില്ലയിൽ നിലവിൽ നൽകാനായത് കുടുംബത്തിന് 20 തൊഴിൽദിനം മാത്രം. പേരുമാറ്റിയതിന് പിന്നാലെ പദ്ധതിയെ തളർത്തുകയാണ് കേന്ദ്രസർക്കാരെന്ന് കണക്കുകൾ തെളിയിക്കുന്നു. പുതിയ മാനദണ്ഡമനുസരിച്ച് ജോലികൾ കണ്ടെത്താൻ പഞ്ചായത്തുകൾക്ക് സാധിക്കാത്തതും ജോലി ഏറ്റെടുക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പവും പദ്ധതി താളംതെറ്റാൻ കാരണമാകുന്നു. നിലവിൽ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനമാണ് തുടങ്ങിയിട്ടുള്ളത്. 10,000 ജോലികൾ മാത്രമാണ് ജില്ലയിലെ 72 പഞ്ചായത്തിലായി ഏറ്റെടുക്കാനായത്. പൂർത്തിയായത് 137 എണ്ണം മാത്രമാണ്. വരുംവർഷത്തേക്ക് ഉൾപ്പെടുത്തേണ്ട പദ്ധതികൾ മുൻകൂട്ടി കണ്ടെത്താനുള്ള വികസിത് ഗ്രാമ പഞ്ചായത്ത് പ്ലാൻ (വിജിപിപി) തയ്യാറാക്കാനുള്ള നടപടികളും ജില്ലയിൽ തുടങ്ങിയിട്ടില്ല. ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂർത്തിയായശേഷമാകും പ്ലാൻ തയ്യാറാക്കുക. ഒക്‌ടോബറിൽ പ്ലാൻ തയ്യാറാക്കിത്തുടങ്ങണം എന്നായിരുന്നു കേന്ദ്രനിർദേശം.
കൂലി വൈകുന്നു
ചെയ്‌ത ജോലിക്ക് പരമാവധി രണ്ടാഴ്‌ചയ്‌ക്കകം കൂലി നൽകണമെന്ന വ്യവസ്ഥയും പാലിക്കപ്പെടുന്നില്ല. ചിലർക്ക് രണ്ടുമാസംവരെ കൂലി വൈകിയപ്പോൾ ഇനിയും ലഭിക്കാത്തവരുമുണ്ട്. പുതിയ പദ്ധതിയിൽ ട്രഷറിയിൽ എത്തിയശേഷം വേതനം അക്കൗണ്ടുകളിലെത്തുന്നതും കൂലി വൈകാൻ കാരണമാകുന്നു. 21 ലക്ഷം തൊഴിൽദിനം മാത്രമാണ് ഈവർഷം ഇതുവരെ സൃഷ്‌ടിക്കാനായത്. മുൻവർഷങ്ങളിൽ ഒരുകോടിക്ക് മുകളിൽ തൊഴിൽദിനമുണ്ടായിരുന്ന സ്ഥാനത്താണിത്. നിലവിലെ സ്ഥിതിയിൽ ഒരു കുടുംബത്തിന് വർഷം 125 ദിവസം തൊഴിൽ നൽകുമെന്ന പ്രഖ്യാപനം പാഴ്‌വാക്കാകുമെന്ന് തൊഴിലാളികൾ പറയുന്നു.
പാരയായി ഫെയ്‌സ് ആപ്പ്
മൊബൈൽ ഫെയ്‌സ് ആപ്പ് വഴിയുള്ള ഹാജർ രേഖപ്പെടുത്തുന്നതിലും പ്രശ്‌നങ്ങളുണ്ട്. നെറ്റ്‌വർക്ക് തകരാറും മുഖം തിരിച്ചറിയാൻ കഴിയാത്തതും ജോലി മുടക്കുന്നു. പ്രായമായവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. വിരലടയാളം, കണ്ണ് എന്നിവ അടിസ്ഥാനമാക്കിയുള്ള ആധാർ അപ്‌ഡേഷനിലെ പ്രശ്‌നങ്ങളാണ് പ്രായമായവർക്ക് തൊഴിൽ നഷ്‌ടമാക്കുന്നത്.








0 comments