print edition യുപിയിൽ കോൺഗ്രസിന് 26 സീറ്റെന്ന് എസ്‌പി

ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ 181 സീറ്റ് ആവശ്യപ്പെട്ട കോൺഗ്രസിന് സമാജ്‌വാദി പാർടി വാഗ്‌ദാനം ചെയ്‌തത് 26 സീറ്റ്. എസ്‌പി ജനറൽസെക്രട്ടറി രാംഗോപാൽ യാദവ് ഇക്കാര്യം സ്ഥിരീകരിച്ചു. നേരത്തെ എസ്‌പി കോൺഗ്രസിന് 54 സീറ്റ് വാഗ്‌ദാനം ചെയ്‌തതായി റിപ്പോർട്ടുണ്ടായിരുന്നു. 403 സീറ്റിൽ 26ൽ മാത്രമേ കോൺഗ്രസിന് എസ്‌പി ജയസാധ്യത കണക്കാക്കുന്നുള്ളൂ. കോൺഗ്രസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച രണ്ട് സീറ്റും രണ്ടാമതെത്തിയ നാല് സീറ്റും ഉൾപ്പടെ 26 സീറ്റ് നൽകാമെന്നാണ് എസ്‌പി നിലപാട്. എസ്‌പിക്ക് 60,000– 70,000 വോട്ടുകൾ ലഭിച്ച മറ്റ് 20 മണ്ഡലം കൈമാറാൻ തയ്യാറാണെന്നും അറിയിച്ചു. 181 സീറ്റ് ആവശ്യപ്പെട്ട കോൺഗ്രസ് 120 സീറ്റെങ്കിലും വേണമെന്ന നിലപാടിലാണ്.
ചൊവ്വാഴ്‌ച സീറ്റ് വിഭജനചർച്ചയുടെ രണ്ടാംഘട്ടത്തിൽ കോൺഗ്രസ് ജയിച്ച ആറ് ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങൾക്കും പുറമേ 75 ജില്ലയിലും ഒരോ സീറ്റ് വീതം വിട്ടുനൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. സീറ്റുകളുടെ എണ്ണത്തിൽമാത്രം വാശി പിടിച്ചതുകൊണ്ട് കാര്യമില്ലെന്നും മണ്ഡലങ്ങളിലെ ജയസാധ്യത കണക്കിലെടുക്കണമെന്നും എസ്‌പി നേതാക്കൾ പറഞ്ഞു. അടുത്ത രണ്ട് യോഗങ്ങൾക്കുള്ളിൽ സീറ്റ് വിഭജനത്തിൽ അന്തിമധാരണയിലെത്താനാകുമെന്ന് രാംഗോപാൽ യാദവ് മാധ്യമങ്ങളോട് പ്രതികരിച്ചു.








0 comments