Deshabhimani

print edition അരിശം തീരാതെ സിസ; സസ്‌പെന്‍ഷന്‍ റദ്ദാക്കിയതിനെതിരെ അപ്പ‍ീൽ

SISA.jpg
വെബ് ഡെസ്ക്

Published on Nov 25, 2026, 01:15 AM | 1 min read

കൊച്ചി: ഹൈക്കോടതിയിൽനിന്ന്‌ പ്രഹരമേറ്റിട്ടും വിദ്യാർഥികളോട്‌ കലിയടങ്ങാതെ കാലടി സംസ്‌കൃത സര്‍വകലാശാല താൽക്കാലിക വിസി. 16 വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കി പ്രത്യേക പരീക്ഷ നടത്താനുള്ള സിംഗിൾ ബെഞ്ച്‌ ഉത്തരവ് റദ്ദാക്ക ണമെന്ന് ആവശ്യപ്പെട്ട് വിസി സിസ തോമസ്‌ അപ്പീൽ നൽകി.


ബുധനാഴ്‌ച ഡിവിഷൻ ബെഞ്ച്‌ പരിഗണിക്കുന്ന അപ്പീലിൽ യുഡിഎഫിന്‌ ഭൂരിപക്ഷമുള്ള സിൻഡിക്കറ്റും കക്ഷിയാണ്‌.വിദ്യാർഥികൾ നൽകിയ കേസിൽ സിംഗിൾ ബെഞ്ചിൽനിന്ന്‌ അനുകൂല വിധി വന്നപ്പോഴാണ്‌ സുപ്രീംകോടതിയിൽ നൽകിയ ഉറപ്പ്‌ ലംഘിച്ച്‌ വിസി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുന്നത്‌. വിദ്യാർഥി താൽപ്പര്യം ഹനിക്കാതെ ഹർജി പരിഗണിക്കാനാണ്‌ സുപ്രീംകോടതി നിർദേശിച്ചത്‌. തുടർന്നാണ്‌ തിങ്കളാഴ്‌ച വിദ്യാർഥികൾക്ക്‌ അനുകൂലമായി സിംഗിൾ ബെഞ്ച്‌ ഉത്തരവിട്ടത്‌. ഹൈക്കോടതി തീരുമാനിച്ചാൽ പ്രത്യേക പരീക്ഷ നടത്താൻ തയ്യാറാണെന്ന്‌ സുപ്രീംകോടതിയിൽ സർവകലാശാല ഉറപ്പുനൽകിയതും സിംഗിൾ ബഞ്ച്‌ എടുത്തുപറഞ്ഞിരുന്നു.


രണ്ടുമാസം വിദ്യാർഥികളെ പുറത്തുനിർത്തിയിട്ടും അരിശം തീർന്നില്ലേയെന്നും ഇത്രയും ശിക്ഷിച്ചത്‌ പോരെ എന്നും കോടതി ചോദിച്ചു. കോടതിയുടെ പരിഹാസവും വിമർശവും ഏറ്റുവാങ്ങിയിട്ടും വിദ്യാർഥികളുടെ ഭാവി തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ വീണ്ടും അപ്പീലുമായുള്ള വിദ്യാർഥിവേട്ട. നടപടിക്രമങ്ങൾ പാലിച്ചാണ് സസ്‌പെൻഷൻ എന്ന്‌ അപ്പീലിൽ പറഞ്ഞു. മാപ്പപേക്ഷിച്ചാൽ സസ്‌പെൻഷൻ പിൻവലിക്കാമെന്ന സർവകലാശാല തീരുമാനം ചോദ്യംചെയ്‌ത്‌ വിദ്യാർഥികൾ നൽകിയ ഭേദഗതി ഹർജി നിലനിൽക്കില്ല, പരീക്ഷയ്‌ക്കാവശ്യമായ ഹാജരില്ല, ഇന്റേണൽ അസെസ്‌മെന്റും പ്രാക്‌ടിക്കലും പൂർത്തിയാക്കിയിട്ടില്ല തുടങ്ങി സിംഗിൾ ബഞ്ച്‌ തള്ളിയ ആരോപണങ്ങളാണ്‌ വീണ്ടും ഉന്നയിക്കുന്നത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home