Deshabhimani

സ്വർണവിലയിൽ ഇടിവ്; 
പണയവായ്പ പ്രതിസന്ധിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
എസ് അനന്തവിഷ്ണു

Published on Nov 25, 2026, 01:31 AM | 1 min read

കൊല്ലം

സ്വർണ വില ഇടിഞ്ഞതോടെ പണയത്തിന്‌ വച്ചിരിക്കുന്ന ഉരുപ്പടികളുടെ ഉടമകളെ തേടി ബാങ്കുകളുടെ ഫോൺ വിളി എത്തുന്നത് വ്യാപക പരാതിക്കിടയാക്കുന്നു. സ്വർണ വില തുടർച്ചയായ ദിവസങ്ങളിൽ താഴോട്ട് കുതിക്കുന്നത് മലയാളികൾക്ക് ഒരേ സമയം ആശ്വാസവും ആശങ്കയുമാണ് സമ്മാനിക്കുന്നത്. കഴിഞ്ഞ പത്തുദിവസം കൊണ്ട് പതിനാലായിരത്തോളം രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിനു ഉണ്ടായത്.വായ്‌പയ്‌ക്ക്‌ ഈടായി നൽകിയ സ്വർണത്തിന്റെ വില തുടർച്ചയായി കൂപ്പു കുത്തുന്നത് ബാങ്കുകളെയും ആശങ്കയിലാക്കിയിട്ടുണ്ട്. സ്വർണത്തിന്റെ വിപണി വിലയുടെ 75 മുതൽ 80 ശതമാനം വരെയാണ് വായ്‌പയായി സാധാരണ ബാങ്കുകൾ നൽകാറുള്ളത്. 90 ശതമാനം വരെ നൽകുന്ന സ്വകാര്യ ന്യൂ ജെൻ പണമിടപാട് സ്ഥാപനങ്ങളും ഉണ്ട്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലായി സ്വർണത്തിന്‌ ഉണ്ടാകുന്ന വിലയിടിവ് ഇത്തരം ചെറുകിട സ്വകാര്യ ധനസ്ഥാപനങ്ങളുടെ നിലനിൽപ്പിനെ ബാധിച്ചിട്ടുണ്ട്. പവന്‌ 1,20.000 രൂപ വരെ ഉണ്ടായിരുന്ന സമയത്ത്‌ വിപണി വിലയുടെ 80 ശതമാനമായ 96,000 രൂപ വരെ വായ്പയായി നൽകിയ സ്ഥാപനങ്ങളുണ്ട്. എന്നാൽ, ഇന്ന് അതിലും താഴെയാണ് ഒരു പവന്റെ മാർക്കറ്റ് വില. ഇത്തരത്തിൽ വായ്‌പയായി നൽകിയ തുകയക്കും താഴെയായി സ്വർണത്തിന്റെ വില ഇടിയുന്നത് കടുത്ത ആശങ്കയോടെയാണ് ബാങ്കുകൾ നോക്കിക്കാണുന്നത്. തുടർന്നാണ് ഉപയോക്താക്കളെ ബാങ്കുകൾ നേരിട്ട് വിളിച്ച്‌ സ്വർണ വിലയിടിവിന് ആനുപാതികമായ തുക എത്രയും പെട്ടന്ന് തിരിച്ചടക്കാൻ ആവശ്യപ്പെടുന്നത്. എസ്‌ബിഐ പോലെയുള്ള ബാങ്കുകൾ ഉപയോക്താക്കളെ ബന്ധപ്പെടാൻ ആരംഭിച്ചിട്ടില്ലെങ്കിലും സ്വർണവില ഇനിയും ഇടിയുകയാണെങ്കിൽ തങ്ങളും നിർബന്ധിതരാകുമെന്ന്‌ അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home