Deshabhimani

കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയുന്നു

പിടിമുറുക്കാൻ 
കെ സി വിഭാഗം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Nov 25, 2026, 01:37 AM | 2 min read

കൊല്ലം

മുഖ്യമന്ത്രി വി ഡി സതീശൻ സ്വന്തം നിലയ്‌ക്ക്‌ തീരുമാനങ്ങളെടുത്ത്‌ പോകുന്നതിനിടെ ജില്ലയിലെ കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയുന്നു. ഗ്രൂപ്പ്‌ വ്യാപകമാക്കാൻ കെ സി വിഭാഗം നീക്കം ആരംഭിച്ചു. ജില്ലയിലെ ഐ ഗ്രൂപ്പ്‌ കെ സി വിഭാഗം മാത്രമായി ചുരുങ്ങുകയാണ്‌. കെ സി വിഭാഗത്തിന്റെ ലക്ഷ്യങ്ങളിൽ ഡിസിസി പ്രസിഡന്റ്‌ സ്ഥാനവുമുണ്ട്‌. രമേശ്‌ ചെന്നിത്തലയ്‌ക്കൊപ്പം നിന്നവരിൽ ഏറെയും കെ സി ഗ്രൂപ്പിനൊപ്പം കൈകോർത്തു. ഒരു ഇടവേളയ്‌ക്കുശേഷം എ ഗ്രൂപ്പും ബ്ലോക്ക്‌, മണ്ഡലം അടിസ്ഥാനത്തിൽ പ്രത്യേകം യോഗം വിളിക്കാനുള്ള നീക്കത്തിലാണ്‌. എന്നാൽ, എ ഗ്രൂപ്പ്‌ നേതാക്കളും കെ സി വിഭാഗത്തിനൊപ്പം ചേർന്നുനിന്നാണ്‌ പോകുന്നത്‌. ഇതോടെ കെ സി ഗ്രൂപ്പ്‌ ശക്തമായി. ജില്ലയിലെ കോൺഗ്രസ്‌ എംഎൽഎമാരിലും ഭൂരിപക്ഷവും കെ സിക്കൊപ്പമാണ്‌. എംഎൽഎമാരിൽ ജ്യോതികുമാർ ചാമക്കാല മാത്രമാണ്‌ ചെന്നിത്തലയ്‌ക്കൊപ്പമുള്ളത്‌. നേതാക്കളിൽ ഒപ്പമുള്ളത്‌ യൂത്ത്‌ കോൺഗ്രസ്‌ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ്‌ബാബു മാത്രവും. മറ്റ്‌ നേതാക്കൾ ചെന്നിത്തലയോട്‌ അകന്നു. എ ഗ്രൂപ്പിന്റെ മന്ത്രിയും കുണ്ടറ എംഎൽഎയുമായ പി സി വിഷ്‌ണുനാഥും കെ സി ഗ്രൂപ്പുമായി സഹകരണത്തിലാണ്‌. ഇ‍ൗ സാഹചര്യത്തിൽ ബ്ലോക്ക്‌ അടിസ്ഥാനത്തിൽ എല്ലായിടത്തും യോഗം വിളിക്കുന്നതും കെ സി വിഭാഗം ആലോചനയിലാണ്‌. എന്നാൽ, കുന്നത്തൂരിൽ കഴിഞ്ഞദിവസം നടന്ന യോഗം പ്രാദേശിക വിഷയത്തിൽ ആണെന്നാണ്‌ കെ സി പക്ഷം പറയുന്നത്‌. കുന്നത്തൂർ, ശാസ്‌താംകോട്ട ബ്ലോക്ക് പ്രസിഡന്റുമാരും ഡിസിസി ജനറൽ സെക്രട്ടറിമാരും ഒന്നടങ്കം കുന്നത്തൂർ ബ്ലോക്ക്‌ മുൻ പ്രസിഡന്റ്‌ ആർ സുകുമാരപിള്ളയുടെ വീട്ടിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തിരുന്നു. ജില്ലയിലെ കെ സി ഗ്രൂപ്പ്‌ മാനേജരായ കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ എംഎൽഎയുടെ നിർദേശ പ്രകാരമായിരുന്നു യോഗം. ഇതിനിടെ കൊടിക്കുന്നിൽ സുരേഷ്‌ എംപിയും കെപിസിസി ജനറൽ സെക്രട്ടറി സൂരജ്‌ രവിയും എ ഗ്രൂപ്പിന്‌ പുറത്താണ്‌. ഇവർ വി ഡി സതീശനൊപ്പം ചേർന്നാണ്‌ നിലവിൽ പോകുന്നത്‌. എന്നാൽ, കെപിസിസി പ്രസിഡന്റ്‌ സ്ഥാനം ഉറപ്പിക്കാൻ കൊടിക്കുന്നിൽ ഡൽഹിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി മണിക്കൂറോളം നടത്തിയ കൂടിക്കാഴ്‌ച പുതിയ സമവാക്യങ്ങളുടെ ഭാഗമാണോ എന്നും ജില്ലയിലെ നേതാക്കൾ സംശയിക്കുന്നു. അതിനിടെ ഡിസിസി പ്രസിഡന്റ്‌ പി രാജേന്ദ്രപ്രസാദ്‌ പ്രത്യേകിച്ച്‌ ഒരു ഗ്രൂപ്പിനും പിടികൊടുക്കാതെ നിൽക്കുകയാണ്‌. നേരത്തെ അദ്ദേഹം എ ഗ്രൂപ്പിലായിരുന്നെങ്കിലും അടുത്തകാലത്തായി കൊടിക്കുന്നിലിനോട്‌ ചേർന്നുനിൽക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home